ന്യൂദല്‍ഹി: ന്യൂദല്‍ഹി ജന്തര്‍ മന്തറിലും ബീഹാറിലും പാറ്റാ സമരത്തിന്റെ പേരിലുണ്ടായ കലാപവും അക്രമങ്ങളും പോലീസ് ഭാഗത്തുനിന്നുണ്ടായെന്ന് പറയുന്ന അതിക്രമവും പോലീസിനെതിരായ അക്രമങ്ങളും അന്വേഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക സമിതിയെ നിയോഗിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ ലൈംഗികാതിക്രമം ഉള്‍പ്പെടെ സമിതി അന്വേഷിക്കും.
സുപ്രീംകോടതി മുന്‍ ജഡ്ജി, ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്, വിരമിച്ച മുതിര്‍ന്ന പോലീസ് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതിയാകും രൂപീകരിക്കുകയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവര്‍ പറഞ്ഞു. വസ്തുത അന്വേഷിക്കുകയാണ് സമിതി ചുമതല, ഇടയ്‌ക്കിടയ്‌ക്ക് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. അതനുസരിച്ച് കോടതി നിര്‍ദേശങ്ങള്‍ നല്കും. സമിതിയെ സമീപിക്കുന്ന ആരുടെയും പ്രശ്‌നം കേള്‍ക്കും. ഇതിന്മേല്‍ നിയമ നടപടിയും സ്വീകരിക്കും. സമരം ചെയ്തവരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വേട്ടയാടിയതും അന്വേഷിക്കും. ജന്തര്‍ മന്തറിലും ബീഹാറിലുമുണ്ടായ വിഷയങ്ങളാണ് അന്വേഷിക്കുക. മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചതും സമരക്കാരെ നിരീക്ഷിച്ചതും അടക്കമുള്ള കാര്യങ്ങള്‍ സമിതിയല്ല, കോടതി നേരിട്ടാകും പരിശോധിക്കുക.
സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ കോടതി നേരിട്ട് റദ്ദാക്കുന്നത് സുപ്രീംകോടതി പരിശോധിക്കും. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കെതിരേയെടുത്ത കേസുകള്‍ കോടതി പ്രത്യേകമായി തന്നെ പരിഗണിക്കും. വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്ന് കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
എന്നാല്‍ സമരത്തില്‍ കയറി അക്രമം അഴിച്ചുവിട്ട ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കെതിരായ കേസുകള്‍ ശക്തമായി അന്വേഷിക്കണം, അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തില്‍ പങ്കെടുത്ത, കൊലപാതകം, കൊലപാതക ശ്രമം, കൊള്ളയടി, മാനഭംഗം, പോക്‌സോ കേസുകള്‍ എന്നിവകളിലെ പ്രതികളായ 2873 പേരെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിനിടെ 240ലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി പോലീസും കോടതിയെ അറിയിച്ചു. പ്രതിഷേധം ക്രിമിനല്‍ പശ്ചാത്തലമുള്ളവരും സാമൂഹ്യവിരുദ്ധരുമായ ചിലര്‍ വഴിതിരിച്ചുവിട്ടതായും അവര്‍ ബോധിപ്പിച്ചു.











