ന്യൂദല്‍ഹി: ദേശവിരുദ്ധരുടെ താവളമായി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല അധപതിച്ചതിനെതിരെ ജെഎന്‍യുവില്‍ നിന്നും ലഭിച്ച ബിരുദങ്ങള്‍ തിരിച്ചു നല്‍കുമെന്ന മുന്നറിയിപ്പ് നല്കി വിമുക്ത ഭടന്മാര് വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു. 54 എന്‍ഡിഎ ബാച്ചിലെ സൈനികരാണ് ജെഎന്‍യുവില്‍ നിന്നും സ്വീകരിച്ച തങ്ങളുടെ ബിഎസ്സി, ബിഎ ബിരുദങ്ങള്‍ തിരികെ കൊടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ ഒരു സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അപമാനകരമാണെന്നും ഇവര്‍ വി.സി ജഗദീഷ്കുമാറിന് നല്കിയ കത്തില്‍ പറയുന്നു.
പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിനെ 2013ല്‍ തൂക്കിക്കൊന്നതിനെതിരെ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിക്ക് അനുവാദം നല്കിയ നടപടിയെ വിമുക്ത ഭടന്മാര് വിമര്‍ശിച്ചു. ഇത്തരത്തിലുള്ള പരിപാടികള്‍ സര്‍വ്വകലാശാലയ്ക്ക് അകത്ത് നടത്താന്‍ അനുമതി നല്‍കിയത് തെറ്റാണ്. അഫ്സല്‍ഗുരു ദിനാചരണം സംഘടിപ്പിച്ചത് ദേശവിരുദ്ധതയാണ് കാണിക്കുന്നത്. ജെഎന്‍യു ക്യാമ്പസില്‍ നടക്കുന്ന കാര്യങ്ങള്‍ തങ്ങളുടെ ത്യാഗങ്ങളെ അവഗണിക്കുന്നതിന് തുല്യമാണ്. അതിനാല്‍ തന്നെ ജെഎന്‍യു നല്കിയ ബിരുദമടക്കം തിരികെ നല്‍കാനാണ് തങ്ങളുടെ തീരുമാനം, വിമുക്ത ഭടന്മാര് വ്യക്തമാക്കി.
ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല കേന്ദ്രീകരിച്ച് നടന്നുവരുന്ന ദേശവിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യം കുറിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി രാജ്യത്തെ പ്രമുഖര്‍ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ജെഎന്‍യു ക്യാമ്പസ് കേന്ദ്രീകരിച്ച് മാവോയിസ്റ്റ് ശക്തികളും പാക് അനുകൂല സംഘടനകളും സജീവമായി പ്രവര്‍ത്തിക്കുന്നതിനെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിവിധ വിദ്യാര്‍ത്ഥി സംഘടനകളില്‍ നുഴഞ്ഞു കയറി ദേശവിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: