സീത എവിടെയുണ്ടെന്ന് അറിവു കിട്ടി. എല്ലാവരും സമുദ്രതീരത്തെത്തി. ഇനി വേണ്ടത് സമുദ്രം കടക്കുകയാണ്. നൂറു യോജനദൂരം ആരും കടക്കും, എങ്ങനെ കടക്കും? വാനരന്മാര് ആര്‍ത്തലച്ചുയരുന്ന കടലിനെ നോക്കി ഭയപ്പാടോടെ വിഷാദിച്ചിരുന്നു. അംഗദന് അവരോടു പറഞ്ഞു. ”നിങ്ങള്‍ ഒരുവിധത്തിലും വിഷാദിക്കരുത്. വിഷാദം വളരെ ദോഷമാണ്. കോപിച്ച പാമ്പ് കുട്ടിയെ ആക്രമിക്കുന്നതുപോലെ വിഷാദം മനുഷ്യനെ നശിപ്പിക്കുന്നു.
പരാക്രമത്തോടെ പ്രവര്‍ത്തിക്കേണ്ട സമയത്ത് വിഷാദിച്ചുകൊണ്ടിരിക്കുന്നവന്റെ തേജസ്സു നഷ്ടപ്പെടും. പുരുഷാര്‍ത്ഥം നേടാന്‍ കഴിയുകയുമില്ല. നിങ്ങളെല്ലാവരും അതിബലന്മാരും ഉറച്ചപരാക്രമമുള്ളവരുമാണ്. നിങ്ങള്‍ക്ക് എത്രദൂരം ചാടാന്‍ കഴിയുമെന്ന് ഓരോരുത്തരും പറയുവിന്‍.”
ഇതുകേട്ട് ഗജന്‍ പത്തുയോജന ചാടാമെന്നു പറഞ്ഞു. ഗവയന്‍ ഇരുപത്, ശരഭന്‍ മുപ്പത്, ഋഷഭന് നാല്‍പ്പത്, ഗന്ധമാദനന്‍ അമ്പത്, മൈന്ദന്‍ അറുപത്, ദ്വിവിധന്‍ എഴുപത്, സുഷേണന് എണ്‍പത് യോജന ചാടാമെന്നറിയിച്ചു. അതുകേട്ട് ജാംബവാന് പറഞ്ഞു-
”എനിക്കിപ്പോള്‍ തൊണ്ണൂറു യോജന ചാടാന്‍ കഴിയും. വയസ്സായില്ലേ. പണ്ട് യുവാവായിരിക്കുമ്പോള്‍ മഹാബലിയുടെ ദര്‍പ്പം ശമിപ്പിക്കാന്‍ മഹാവിഷ്ണു വാമനമൂര്‍ത്തിയായി വന്ന് മൂന്നടികൊണ്ട് മൂന്നുലോകവും അളന്നു. അതുകണ്ട് സന്തോഷിച്ച ഞാന്‍ മൂന്നുലോകവും നിറഞ്ഞുനിന്ന വിഷ്ണുവിനെ പെറുമ്പറകൊട്ടിക്കൊണ്ട് ഇരുപത്തിയൊന്നു തവണ പ്രദക്ഷിണം വച്ചിട്ടുണ്ട്. പാലാഴി മഥനത്തിന് വയസ്സായി. ഒന്നിനും കഴിവില്ലാതായിരിക്കുന്നു.”
ഇതുകേട്ട് അംഗദന് പറഞ്ഞു: ”ഞാന്‍ നൂറുയോജന അങ്ങോട്ടു ചാടാം. തിരിച്ചു ചാടാന്‍ കഴിയുമെന്നുറപ്പില്ല.”
അപ്പോള്‍ ജാംബവാന് പറഞ്ഞു ”അംഗദാ, അങ്ങേയ്ക്ക് നൂറല്ല ആയിരം യോജന ചാടാനുള്ള ശക്തിയുണ്ടെന്ന് എനിക്കറിയാം. എന്നാലിപ്പോള്‍ അങ്ങ് ഞങ്ങളുടെ നേതാവാണ്. ഞങ്ങളെ നയിക്കേണ്ട ആളാണ്.
കൂടാതെ ഗുരുവും ഗുരുപുത്രനുമാണ്. സംരക്ഷകനായ അങ്ങ് സമുദ്രം ചാടിക്കടക്കണ്ട.” എന്നിട്ട് തിരിഞ്ഞ് ഹനുമാനോടു ചോദിച്ചു. ”ഹേ വാനരവീരാ, അങ്ങെന്താണു മിണ്ടാതിരിക്കുന്നത്? തേജസ്സുകൊണ്ടും ബലംകൊണ്ടും സുഗ്രീവനോടും രാമലക്ഷ്മണന്മാരോടും സമനാണ്. അങ്ങയുടെ കൈകള്‍ക്ക് ഗരുഡന്റെ ചിറകുകളുടെ ബലമുണ്ട്. അദ്ദേഹത്തെപ്പോലെ പരാക്രമവുമുണ്ട്. അങ്ങ് വായുദേവന്റെ പുത്രനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: