കോഴിക്കോട്: നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ് ഫുട്‌ബോള്‍ കളിയിലെ ആശങ്കകള്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ പ്രേംനാഥ് ഫിലിപ്. കളി തുടങ്ങിയ ദിവസം കാണികള്‍ ഏറെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാണികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. അണ്ടര്‍ ട്വന്റി ത്രീ ആയതിനാല്‍ കാണികള്‍ക്ക് മിക്ക കളിക്കാരെയും അറിയുന്നില്ല. കളിക്കാരില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പും കാണാനാകുന്നില്ല. മുന്‍ നിര കളിക്കാര്‍ കളിക്കുന്നുണ്ടെങ്കില്‍ അവരെ കാണാനായെങ്കിലും കാണികള്‍ വരുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കളികളില്‍ ജര്‍മ്മനിയും ബ്രസീലും മാത്രമാണ് മികച്ച കളി കാഴ്ചവെച്ചത്. അര്‍ജന്റീന തീര്‍ത്തും നിരാശപ്പെടുത്തി. വരും ദിനങ്ങളില്‍ ടീമുകള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചെങ്കില്‍ മാത്രമേ ഗ്യാലറി നിറയുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണ്ട് ഗ്യാലറി മുഴുവന്‍ കാണികളാല്‍ നിറഞ്ഞിരുന്നു. കോര്‍ണര്‍ അടിക്കാനായി ആളുകളെ മാറ്റി നിര്‍ത്തേണ്ടി വരുമായിരുന്നു. നാലുമണിക്കായിരുന്നു അന്ന് കളി ആരംഭിക്കുക. ഉച്ചക്ക് രണ്ടു മണിയാവുമ്പോഴേക്കും മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുവരെ ആളുകള്‍ വന്നിരുന്നു. മൂന്ന് മണിയാവുമ്പോഴേക്കും ഗ്യാലറി നിറഞ്ഞ് കവിഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഇന്ന് ഇങ്ങനെയൊരു അവസ്ഥ എന്ന് മനസ്സിലാകുന്നില്ല. വരും ദിനങ്ങളില്‍ കളി അതിന്റെ ആവേശത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതുന്നു. ഈ വര്‍ഷത്തെ നാഗ്ജി ഇന്റര്‍നാഷണല്‍ വിജയകരമായാല്‍ വരും വര്‍ഷങ്ങളില്‍ എല്ലാ ക്ലബ് ടീമുകളും കോഴിക്കോട്ട് എത്തും.
ഐഎസ്എല്‍ പോലെ മറ്റൊരു പോരാട്ടത്തിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്. അത് സംഭവിക്കുക തന്നെ ചെയ്യും. പ്രതീക്ഷയോടെ പ്രേംനാഥ് പറഞ്ഞു. കോഴിക്കോട് പറയഞ്ചേരി സ്വദേശിയാണ് പ്രേംനാഥ് ഫിലിപ്. കോഴിക്കോട് തന്നെ കളിച്ചു വളര്‍ന്ന ഇദ്ദേഹത്തിന്റെ അച്ഛനും, സഹോദരനും കാല്‍പ്പന്ത് കളിക്കാരാണ്. അച്ഛനാണ് കളിയിലെ ഗുരു. ആദ്യമായി സൂട്ട് വാങ്ങിക്കൊടുത്തത് ജ്യേഷ്ഠനാണ്. കോഴിക്കോട് ലീഗില്‍ കോട്ടൂളി ബ്രദേഴ്‌സിനു വേണ്ടിയാണ് ആദ്യം കളിച്ചത്. പിന്നീട് എംആര്‍എഫ് പ്രീമിയര്‍ ടയേഴ്‌സ് വില്ലിംഗ്ടണ്‍ പ്ലെയര്‍ ആയി. പിന്നീട് കൊല്‍ക്കത്ത മോഡേണ്‍ സ്‌പോര്‍ട്ടിംഗ്, വെസ്റ്റ് ബംഗാള്‍ ചലഞ്ചേഴ്‌സില്‍ എത്തി . ജിവി രാജ ഗോള്‍ഡ് മെഡല്‍, ഖാദര്‍ മെമ്മോറിയല്‍ ഗോള്‍ഡ് മെഡല്‍ എന്നിവ ലഭിച്ചു . 1983 ല്‍ നടന്ന നാഗ്ജി ഇന്റര്‍നാഷണലില്‍ വെച്ച് ബെസ്റ്റ് പ്ലെയര്‍ ആയി തെരഞ്ഞെടുത്തു. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു ആ പുരസ്‌കാരം. അദ്ദേഹം പറഞ്ഞു. നിലവില്‍ എംസിസി ഹൈസ്‌കൂളിന്റെയും യൂണിവേഴ്‌സല്‍ സ്‌കോളറിന്റെയും പരിശീലകനായി പ്രവര്‍ത്തിക്കുകയാണ് പ്രേംനാഥ് ഫിലിപ് എന്ന ഈ പഴയകാല കാല്‍പ്പന്ത് നായകന്‍.
















