കോട്ടയം: അന്തര്‍സര്‍വ്വകലാശാല ദക്ഷിണമേഖല ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കേരളത്തില്‍ നിന്നുള്ള ആദ്യനേട്ടം മറിയ റോണിയും സംഘവും കരസ്ഥമാക്കി. നെല്ലൂര്‍ ആന്ധ്രാപ്രദേശ് വിക്രമസിംഹപുരി യൂണിവേഴ്‌സിറ്റിയില്‍ നടന്ന അന്തര്‍സര്‍വ്വകലാശാല ടേബീള്‍ ടെന്നീസ് ടൂര്‍ണമെന്റിലാണ് ദേശീയ ജൂനിയര്‍ താരം മറിയ റോണി (തേവര എസ്.എച്ച്.) നയിച്ച ടീം വിജയം കരസ്ഥമാക്കിയത്. 68 യൂണിവേഴ്‌സിറ്റികളാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.
കേരളം ആദ്യമായാണ് ഈ നേട്ടം ടേബിള്‍ ടെന്നീസില്‍ കരസ്ഥമാക്കുന്നത്. ഫൈനലില്‍ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിക്കെതിരെ 3-2 പോയിന്റുകള്‍ക്കാണ് മഹാത്മാ ഗാന്ധി സര്‍വ്വകലാശാല നേട്ടം കൈവരിച്ചത്. ഗായത്രി ഗിരീഷ് (തേവര എസ്.എച്ച്), അനീഷ ഗണേഷ് (മൂലമറ്റം സെന്റ് ജോസഫ്), ശിവാംഗിരാജ് (എറണാകുളം സെന്റ് തെരേസാസ്), മിഷ എബ്രഹാം (അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളജ്) തുടങ്ങിയവരാണ് മറ്റ് ടീം അംഗങ്ങള്‍.
















