ജീവാത്മാവ് മനുഷ്യക്കുഞ്ഞിന്റെ ദേഹത്തില്‍ ഭഗവാന്റെ മായയാല്‍ പ്രവേശിപ്പിക്കപ്പെട്ടു ജനിക്കുന്നു. അതുകൊണ്ടു ജീവാത്മാവിനെ ദേഹി എന്നുപറയപ്പെടുന്നു. അതിനുശേഷം കൗമാരാവസ്ഥ, യൗവനാവസ്ഥ ഇവയിലൂടെ ദേഹം വളരുന്നു; വൃദ്ധാവസ്ഥയില്‍ ദേഹം ക്ഷീണിക്കുകയാണ്; തളരുകയാണ് അപ്പോഴൊന്നും ജീവാത്മാവിന് ഒന്നും ഒന്നും സംഭവിക്കുന്നില്ല. ഒടുവില്‍ ജീവന് ദേഹം തീരെ ഉപയോഗശൂന്യമാവുമ്പോള്‍, ആ ദേഹം ഉപേക്ഷിച്ച്, മറ്റൊരു ദേഹത്തില്‍ പ്രവേശിക്കുന്നു. ഇതിനെയാണ് മരണം എന്നുപറയുന്നത്. ഈ ദേഹാന്തര പ്രാപ്തിയില്‍ ദുഃഖിക്കാനെന്താണുള്ളത്. അര്‍ജ്ജുനാ, അതുകൊണ്ട് ഭീഷ്മദ്രോണാദികള്‍ ഇപ്പോഴത്തെ വൃദ്ധദേഹം ഉപേക്ഷിച്ച് പുതിയ ശരീരം നേടുന്നതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്?
സുഖദുഃഖങ്ങള്‍ വരും പോകും
ഒരാള്‍ മരിക്കുമ്പോള്‍ നാം ദുഃഖിക്കുന്നു. ഒരു കുട്ടി ജനിക്കുമ്പോള്‍ സന്തോഷിക്കുന്നു. മരിക്കുമ്പോഴുണ്ടായ ദുഃഖത്തിന് കുട്ടി ജനിക്കുന്നതുവരെ മാത്രമേ ദീര്‍ഘമുള്ളൂ. നേരെ മറിച്ചും അങ്ങനെ തന്നെ. സുഖദുഃഖങ്ങളെ സഹിച്ചുകൊണ്ട് നാം കര്‍ത്തവ്യങ്ങളില്‍ മുഴുകുന്നു.
അതുകൊണ്ട് ബന്ധുക്കളും ഗുരുജനങ്ങളും യുദ്ധത്തില്‍ മരിക്കുന്നതുകൊണ്ടുണ്ടാകുന്ന ദുഃഖം രാജ്യഭാരം തുടങ്ങുന്നതുവരെ മാത്രമേ ഉണ്ടാവുകയുള്ളൂ.
(തുടരും)
















