ചെട്ടികുളങ്ങര: ദേവീക്ഷേത്രത്തില്‍ വഴിപാടുകാരന്റെ ആത്മസമര്‍പ്പണമാണ് കുത്തിയോട്ട വഴിപാടുകളെന്നും ഇതിന് വിരുദ്ധമായി നടത്തുന്ന ജനകീയ കുത്തിയോട്ടങ്ങള്‍ ദേവഹിതത്തിന് എതിരാണെന്നും ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.
2001ല്‍ ക്ഷേത്രത്തില്‍ നടത്തിയ ദേവപ്രശ്‌നത്തില്‍ ഇത് തെളിഞ്ഞതാണ്. കുത്തിയോട്ട വഴിപാടുകളില്‍ ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും ശുദ്ധിയുടെയും പോരായ്‌മയുണ്ടെന്നും ഭക്തിക്കു പകരം ആഡംബരവും ദുരഭിമാനവും വന്ന് ചേര്‍ന്ന് വഴിപാടിനു ചൈതന്യം കുറയുന്നതായി പ്രശ്‌നത്തില്‍ തെളിയുകയുണ്ടായതായും തന്ത്രി പറഞ്ഞു.
താളാത്മകമായിരുന്ന കുത്തിയോട്ടം ഇന്ന് സംഗീതാത്മകമായി മാറി ഇതോടെ കുത്തിയോട്ടങ്ങളുടെ പരമ്പരാഗത ശൈലി നഷ്ടമായി. അതിനാല്‍ ജനകീയ കുത്തിയോട്ടങ്ങളെ ഭക്തര്‍ പ്രോത്സാഹിപ്പിക്കരുതെന്നും ഇത്തരം കുത്തിയോട്ടങ്ങള്‍ ക്ഷേത്രത്തില്‍ എത്തുന്നത് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷനും ദേവസ്വം ബോര്‍ഡ് സ്വീകരിക്കണമെന്നും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.
ദേവ പ്രശ്‌നത്തെ തുടര്‍ന്ന് 2006ല്‍ കുത്തിയോട്ട ആശാന്മാരുടെ അഭിപ്രായ സമാഹരണത്തിന് ശേഷം തയ്യാറാക്കിയ രൂപരേഖ കുത്തിയോട്ട സമിതികളും വഴിപാടുകാരനും പാലിക്കാന്‍ തയ്യാറാകണമെന്ന് ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രസിഡന്റ് ബി.ഹരികൃഷ്ണന്‍ ആവശ്യപ്പെട്ടു. കുത്തിയോട്ട വഴിപാടിന് ആചാര്യനെ തെരഞ്ഞെടുക്കുന്നത് മുതല്‍ ഭരണി ദിവസം ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത് വരെയുള്ള ചടങ്ങുകള്‍ ഇതില്‍ വിശദമായി തയ്യാറാക്കിയിട്ടുണ്ട്.
ഈ വര്‍ഷം മുതല്‍ കുത്തിയോട്ട വഴുപാടുകള്‍ ദേവസ്വത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം കണ്‍വന്‍ഷനിലും ശിവരാത്രിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈ രൂപരേഖയും ഭരണിനാളിലെ ക്രമീകരണങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ കണ്‍വന്‍ഷനില്‍ നിന്നും വഴിപാടുകാരന് ലഭിക്കുന്നതാണ്.
ഹിന്ദുമത കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യാത്ത കുത്തിയോട്ട സമിതികള്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു. കണ്‍വന്‍ഷന്‍ സെക്രട്ടറി പി. രഘുനാഥ്, ജോ.സെക്രട്ടറി രാജേഷ്‌കുമാര്‍ എന്നിവരും കാര്യങ്ങള്‍ വിശദീകരിച്ചു.
















