കോഴിക്കോട്: ആയൂര്‍വേദശാസ്ത്രപഠനത്തിനും ഗവേഷണത്തിനുമായി കോഴിക്കോട്ട് ആയൂര്‍വേദ ഗവേഷണകേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. ഇതുസംബന്ധിച്ച നിവേദനം ബിജെപി ജില്ലാനേതാക്കളായ ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, പി. ജിജേന്ദ്രന്‍, ടി.ബാലസോമന്‍ എന്നിവര്‍ കേന്ദ്ര ആയുഷ്‌വകുപ്പ് മന്ത്രി ശ്രീപത് യശോ നായികിന് ഇന്ന് നല്‍കും. ഔഷധനിര്‍മ്മാണം, ഗവേഷണം, ഔഷധനിര്‍മ്മാണത്തിനാവശ്യമായ യന്ത്രസാമഗ്രികളുടെ നവീകരണം, തുടങ്ങി നിരവധിമേഖലകളില്‍ ഗവേഷണകേന്ദ്രത്തിന് സംഭാവന നല്‍കാന്‍ കഴിയും.
ആയുര്‍വേദ ശാസ്ത്രശാഖയ്‌ക്ക് ആധുനിക വൈദ്യശാസ്ത്രശാഖകളുമായി ബന്ധപ്പെടുത്താനും വളരാനും ഉതകുന്ന തരത്തില്‍ ഗവേഷണപഠനങ്ങള്‍ നടക്കുന്ന തരത്തിലുള്ള മേഖലാ ഗവേഷണകേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ സ്ഥലം വിട്ടുനല്‍കിയാല്‍ ഗവേഷണകേന്ദ്രം അനുവദിക്കുന്നതിന് എളുപ്പമാകും. ഇതിനായി സംസ്ഥാന സര്‍ക്കാറിലും ജനപ്രതിനിധികളിലും സമ്മര്‍ദ്ദം ചെലുത്തുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. ആയുര്‍വേദശാസ്ത്ര രംഗത്തെ നിരവധി സംഘടനകള്‍ ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.















