കൊച്ചി: ഹര്‍ത്താല്‍ നിരോധനമല്ല നിയന്ത്രണമാണ് പുതിയ ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ സംബന്ധിച്ച് എറണാകുളം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിയമസഭാ സമിതി സിറ്റിംഗിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി വിധിയും ഹര്‍ത്താല്‍ മൂലം പൊതുസമൂഹത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് ഇത്തരമൊരു ബില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഹര്‍ത്താലുകള്‍ ആവശ്യമായി വരുന്ന സാഹചര്യങ്ങളുണ്ടാകാം. തൊഴിലാളി സംഘടനകളെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും മറ്റു പ്രാദേശിക പ്രശ്‌നങ്ങള്‍ക്കു വേണ്ടിയും സമരങ്ങള്‍ നടത്തുന്നത് നിരോധിക്കുകയോ നിഷേധിക്കുകയോ ചെയ്യില്ല. എന്നാല്‍ ചെറു സംഘടനകള്‍ പൊതുജന പിന്തുണയില്ലാതെ നടത്തുന്ന സമരങ്ങള്‍ പലപ്പോഴും ഹര്‍ത്താലുകളായി പരിണമിക്കാറുണ്ട്. അത്തരം അനഭലഷണീയമായ പ്രവണതകളെ നിയന്ത്രിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളും പൊതുമുതല്‍ നശീകരണവും തടയുക, ന്യായമായ കാര്യങ്ങള്‍ക്കു വേണ്ടി ഹര്‍ത്താല്‍ നടത്തുമ്പോള്‍ മൂന്നു ദിവസം മുന്‍പ് നോട്ടീസ് നല്‍കുക തുടങ്ങിയ കാര്യങ്ങളും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. തൊഴിലാളി സംഘടനാ നേതാക്കളടക്കമുള്ളവര്‍ ഹര്‍ത്താല്‍ നിയന്ത്രിക്കുന്നതിലൂടെ ജനങ്ങളുടെ പ്രതികരണശേഷിയാണ് ഇല്ലാതാക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. സമിതി അംഗങ്ങള്‍, എംഎല്‍എമാരായ വി.ഡി. സതീശന്‍, ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, ടി.യു. കുരുവിള, എ.കെ. ബാലന്‍, കെ. മുരളീധരന്‍, സുരേഷ് കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.
















