കൊച്ചി: പെരിയാറിനു കുറുകെ ശിവരാത്രി മണപ്പുറത്തേക്കുള്ള നടപ്പാലത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. ശിവരാത്രി മണപ്പുറത്തെത്തുന്ന ലക്ഷക്കണക്കിന് ഭക്തരുടെയും ആലുവ നിവാസികളുടെയും ദശാബ്ദങ്ങള്‍ പഴക്കമുള്ള സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നത്.
ശിവരാത്രി നാളിലെ തിരക്ക് കുറയ്‌ക്കാന്‍ വര്‍ഷങ്ങളായി പെരിയാറിനു കുറുകെ നഗരസഭ താത്ക്കാലിക പാലം ഒരുക്കിയാണ് സൗകര്യമൊരുക്കിയിരുന്നത്. എന്നാല്‍ എല്ലാ വര്‍ഷവും ഇതിനു വേണ്ട ഭീമമായ ചെലവും ജനങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്താണ് പുതിയ പാലം എന്ന ആശയം ഉയര്‍ന്നത്. 2013-14 ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിയില്‍ 14 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം 12 മാസത്തിനകം പൂര്‍ത്തിയാകുമെന്നാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടന വേളയില്‍ പൊതു മരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് പറഞ്ഞത്. എന്നാല്‍ റെക്കോര്‍ഡ് വേഗത്തില്‍ പദ്ധതി നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തോടടുക്കുകയാണ്.
















