ഇരിട്ടി: സമൂഹത്തിലെ അനീതികള്‍ക്ക് നേരെയും സ്ത്രീകള്‍ അനുഭവിക്കുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ക്കെതിരെയും വിരല്‍ ചൂണ്ടി പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്ന് കേരളാ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊ. വി.ടി.രമ അഭിപ്രായപ്പെട്ടു. എന്ത് കണ്ടാലും കേട്ടാലും മിണ്ടാതിരിക്കുന്ന കാലം കഴിഞ്ഞു. പെണ്ണായി ജനിച്ചത് മോശമായി എന്ന് നമ്മള്‍ ഒരിക്കലും കരുതാന്‍ പാടില്ല. പുരുഷനും സ്ത്രീയും ഒന്ന് ചേരുന്ന ശിവശക്തി സങ്കല്‍പ്പത്തിന്റെ പവിത്രമായ ഭാരതീയ തനിമ ഓരോ മാതാപിതാക്കളും മുലപ്പാലില്‍ ചാലിച്ച് തങ്ങളുടെ മക്കള്‍ക്ക് നല്‍കണമെന്നും രമ പറഞ്ഞു. കേരളാ ക്ഷേത്ര സംരക്ഷണ സമിതി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രൊഫ.വി.ടി.രമ നയിക്കുന്ന സ്ത്രീ സ്വാഭിമാന്‍ യാത്രക്ക് ഇരിട്ടി കൈരാതി കിരാത ക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. എന്തിനും അമിത സ്വാതന്ത്ര്യം ആപത്താണ്. സദാചാരം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് എന്ന് നമ്മള്‍ മറക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്തെങ്കിലും ആവട്ടെ എന്ന് വിചാരിച്ച് കണ്ണ് തിരിച്ചു നടക്കുന്നതും ആപത്താണ്. ഒരുകാലത്ത് അറിവിന്റെ ഏഴു നിലയില്‍ നിന്നിരുന്ന സ്ത്രീ അടുക്കളയുടെ മൂലയില്‍ കഞ്ഞിയും കറിയും വെച്ച് കഴിയേണ്ട അവസ്ഥയിലേക്ക് താണുപോയത് അവരുടെ പ്രതികരണ ശേഷിക്കുറവും ഭാരതീയമായ ജീവിതമൂല്യങ്ങള്‍ ജീവിതത്തില്‍ സൂക്ഷിക്കുന്നതില്‍ വന്ന ഇടിവുമാണെന്നും അവര്‍ പറഞ്ഞു. സ്വീകരണ യോഗത്തില്‍ കെ.വി.ദേവകി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സിക്രട്ടറി എം.ശ്രീധരന്‍, ക്ഷേത്രം പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ആലപ്പടപ്പ് അവധൂതാശ്രമത്തിലെ സ്വാമി സാധു വിനോദ്, സി.പി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.ലക്ഷ്മണന്‍ മാസ്റ്റര്‍ സ്വാഗതവും ശ്യാമള ഊവാപ്പള്ളി നന്ദിയും പറഞ്ഞു.
















