തലശ്ശേരി: അരാജകവാദികള്‍ക്ക് പിന്തുണ നല്‍കുന്ന രാഷ്‌ട്രീയ യുവജന സംഘടനകള്‍ സ്വന്തം ശവക്കുഴിയാണ് തോണ്ടുന്നതെന്നും ഭാരത സംസ്‌കാരത്തെ ഒറ്റിക്കൊടുക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്രസംരക്ഷണ സമിതി സുവര്‍ണ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് മാതൃസമിതി സംസ്ഥാന അധ്യക്ഷ പി.ടി.രമ നയിക്കുന്ന സ്ത്രീസ്വാഭിമാന്‍ യാത്രക്ക് തലശ്ശേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തെരുവുപട്ടികളെ പോലെ തെരുവിലിറങ്ങി പട്ടാപ്പകല്‍ ലൈംഗിക വൈകൃതങ്ങള്‍ കാട്ടുന്ന അപരിഷ്‌കൃതര്‍ക്കുവേണ്ടി വാദിക്കുന്നവര്‍ സ്വന്തം കുടുംബത്തോടും സമൂഹത്തോടും ചെയ്യുന്നത് കൊടും പാതകമാണ് എന്ന് തിരിച്ചറിയണം. താല്‍കാലിക രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി സംസ്‌കാര ശൂന്യരായവരുടെ വൈകൃതങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് ഭാവി തലമുറയെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കാനേ ഉപകരിക്കുകയുള്ളൂ. ഇത്തരം മൃഗീയ സ്വാഭവങ്ങള്‍ നമ്മുടെ സംസ്‌കാരത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത് നമ്മുടെ വീട്ടിലെ അടുക്കളെയാണ്. അതിന് കൂട്ടുനില്‍ക്കുന്നതാകട്ടെ ദൃശ്യമാധ്യമങ്ങളും അവരുടെ വിലകുറഞ്ഞ ചര്‍ച്ചകളുമാണ്. സ്വന്തം വീട്ടിലെ അമ്മ പെങ്ങന്‍മാരെയും പെണ്‍മക്കളെയും തങ്ങളുടെ വീട്ടില്‍ സുരക്ഷിതമായി അടച്ചുപൂട്ടിയാണ് ചുംബന സമരമെന്നപേരില്‍ അയല്‍പക്കത്തെ പെണ്‍കുട്ടികളെയും മറ്റ് സ്ത്രീകളെയും കൂട്ടി ഇവര്‍ തെരുവില്‍ മൃഗങ്ങളെപോലെ ഭാരതത്തെ സംസ്‌കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഇതിന് പിന്നില്‍ രാഷ്‌ട്രവിരുദ്ധ ശക്തികളുടെ കടന്നുകയറ്റമുണ്ട്. വൈദേശിക സാമ്രാജ്യ ശക്തികള്‍ക്ക് നേരിട്ട് യുദ്ധം ചെയ്താല്‍ നമ്മുടെ സംസ്‌കാരത്തെ നശിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് യുദ്ധം അടുക്കളവഴിയാക്കിയത്. ആത്മാഭിമാനമുള്ള ഒരു സ്ത്രീയും ഇത്തരം പേക്കൂത്തുകള്‍ക്ക് കൂട്ടുനില്‍ക്കില്ല. സ്ത്രീകളെ അമ്മമാരായി ആരാധിക്കുന്ന സംസ്‌കാരമാണ് ഭാരതത്തിലുള്ളത്. ഇത് ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇത് നശിപ്പിക്കാനാണ് ആധുനിക പൂതനമാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത് തിരിച്ചറിയാന്‍ നമുക്ക് കഴിയണം. അല്ലാത്തപക്ഷം ഇയ്യാംപാറ്റകള്‍ തീയില്‍ വന്നു വീഴുന്നതുപോലെയാകും നമ്മുടെ സഹോദരിമാരുടെ അവസ്ഥ. പുരോഗമനത്തെ കുറിച്ച് പുലമ്പുന്ന ബുദ്ധിജീവികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന വൃത്തിഹീനരായി ജീവിക്കുന്ന ഇത്തരക്കാരുടെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ കാരണം ഇന്ന് സ്വന്തം പിതാവിന് തന്നെ പിഞ്ചുമക്കളെ എടുക്കുവാനോ ചുംബിക്കുവോനോ സ്‌നേഹവാത്സല്യം ചെയ്യാനോ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അമ്മ എന്ന സങ്കല്പത്തെ തള്ളിപ്പറയുന്നവര്‍ ചുംബന സമരത്തിലൂടെ എച്ചിലാക്കപ്പെട്ട സഹോദരിമാരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നമ്മുടെ നാട്ടില്‍ മൃഗങ്ങളെ ബോധവല്‍ക്കരിക്കേണ്ട കാര്യമില്ല. എന്നാല്‍ ബുദ്ധിയുള്ളവരെന്ന് വിശ്വസിക്കുന്ന മനുഷ്യര്‍ക്ക് ബോധവല്‍ക്കരണം അത്യന്താപേക്ഷിതമായിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. അപൂര്‍വ്വാശ്രമം മഠാധിപതി മാതാ പ്രേം വൈശാലി സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. യാത്രാനായിക വി.ടി.രമ പ്രസംഗിച്ചു. ചടങ്ങില്‍ യാത്രാ സംയോജകന്‍ എം.ശ്രീധരന്‍ ആമുഖ ഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ പ്രേമലത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്മിത സ്വാഗതം പറഞ്ഞു. ചടങ്ങില്‍ കലാരംഗത്ത് മികവു തെളിയിച്ച അനശ്വര, സ്‌നേഹ എന്നീ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു.
















