ചങ്ങനാശേരി: ചങ്ങനാശേരിയില്‍ നിന്നും ആലപ്പുഴയിലെത്തി തിരികെ എരുമേലിവഴി പമ്പയ്‌ക്ക് സര്‍വ്വീസ് നടത്തിയിരുന്ന ബസ് നിര്‍ത്തലാക്കി. ഇപ്പോള്‍ എരുമേലി വരെ മാത്രമേ സര്‍വ്വീസ് നടത്തുന്നുള്ളൂ. ദിവസവും രാവിലെ ചങ്ങനാശേരി ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് നടത്തിയിരുന്ന ബസ്സാണ് യാതൊരു കാരണവും കൂടാതെ നിര്‍ത്തലാക്കിയത്. നല്ല കളക്ഷന്‍ ഈ ട്രിപ്പിനുണ്ടായിരുന്നു. പമ്പയില്‍ നിന്നും തിരികെ ചങ്ങനാശേരിയിലെത്തി ആലപ്പുഴയ്‌ക്ക് യാത്ര തുടരുന്ന സര്‍വ്വീസാണിത്.ശബരിമല അയ്യപ്പന്മാര്‍ക്കും നാട്ടുകാര്‍ക്കും വളരെ പ്രയോജനം ചെയ്തിരുന്ന സര്‍വ്വീസ് വീണ്ടും പുനരാരംഭിക്കണമെന്ന് ആവശ്യമുയര്‍ന്നു. ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്‍പ്പര്യവും സര്‍വ്വീസ് നിര്‍ത്തല്‍ ചെയ്യാനുള്ള ശ്രമവുമാണ് പിന്നില്‍. സര്‍വ്വീസ് പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടി ആരംഭിക്കുമെന്ന് ബിജെപി നിയോജകമണ്ഡലം ഭാരവാഹികള്‍ പറഞ്ഞു.
















