കൊച്ചി: കപ്പല്‍ എഞ്ചിന്റെയും അനുബന്ധ ഭാഗങ്ങളുടെയും അറ്റകുറ്റപ്പണിക്കായി പ്രമുഖ എഞ്ചിന് നിര്‍മാതാക്കളായ വാട്സില കോര്‍പ്പറേഷനും കൊച്ചി കപ്പല്‍ശാലയും ധാരണയിലെത്തി.
എഞ്ചിന് ഭാഗങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതു കൂടാതെ പ്രൊപ്പല്ലര്‍ ബ്ലേഡ് മെറ്റലര്‍ജിക്കല്‍ അറ്റകുറ്റപ്പണികള്‍ക്കുമായി കൊച്ചി കപ്പല്‍ശാലാ പരിസരത്ത് വാട്സില സ്വയം പര്യാപ്തമായ വര്‍ക്ഷോപ് സ്ഥാപിക്കും. കപ്പല്‍ശാലയുടെ ആവശ്യാനുസരണം എഞ്ചിന്, പ്രൊപ്പല്‍ഷന്‍, ഇലക്ട്രിക്കല്‍, ഓട്ടോ മേഷന് സര്‍വീസുകളും ചെയ്തുനല്‍കും.
കപ്പല്‍ ശാലയുടെ ടെക്നിക്കല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സണ്ണി തോമസും ഫിന്‍ലാന്‍ഡ് ആസ്ഥാനമായ വാട്സില കോര്‍പ്പറേഷന്റെ ഭാഗമായ വാട്സില ഇന്ത്യയുടെ ദക്ഷിണേഷ്യ സര്‍വീസ് യൂണിറ്റ് ഡയറക്ടര്‍ ജെയിംസ് രാജനും ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. ഇരുകമ്പനികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും കപ്പല്‍ശാല ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും സന്നിഹിതരായിരുന്നു.
കരാര്‍ അനുസരിച്ച് ഭാവിയില്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റ് പരിസരത്ത് ഒറിജിനല്‍ എക്യുപ്മെന്റ് നിര്‍മാണ കേന്ദ്രം ( ഓ ഇ എം) തുറക്കാനും വാട്സില ലക്ഷ്യമിടുന്നുണ്ട്. കൊച്ചി പോര്‍ട് ട്രസ്റ്റിലെ കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം പാട്ടത്തിന് ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ ഷിപ്പ്ലിഫ്റ്റ് സൗകര്യത്തോടുകൂടിയ അന്തര്‍ദേശീയ അറ്റകുറ്റപ്പണി കേന്ദ്രം തുറക്കുകയാണ് ഉദ്ദേശ്യം.
നിലവിലുള്ള സൗകര്യം പരിഷ്കരിക്കുന്നതിനൊപ്പം ജീവനക്കാര്‍ക്ക് പുതിയ സാങ്കേതിക വിദ്യകളില്‍ പരിശീലനം നല്കി നിയോഗിക്കും. കൊച്ചി തുറമുഖത്ത് വരാന്‍ പോകുന്ന അറ്റകുറ്റപ്പണി യാഡില്‍ പൂര്‍ണ സജ്ജമായ ഒറിജിനല്‍ എക്യുപ്മെന്റ് നിര്‍മാണ കേന്ദ്രം (ഓഇഎം) കേന്ദ്രം തുറക്കുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് വാട്സില ഇന്ത്യ ഡയറക്ടര്‍ രാജന് വ്യക്തമാക്കി. ഇതോടെ കൊച്ചികപ്പല്‍ ശാലക്കും തങ്ങളുടെ വ്യവസായ മേഖലയില്‍ മികച്ച സേവനം നല്കാന് തങ്ങള്‍ക്കാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കൂട്ടുകെട്ടുവഴി കപ്പല്‍ശാലക്ക് കൂടുതല്‍ അറ്റകുറ്റപ്പണി ഇടപാടുകള്‍ നേടിയെടുക്കാനാകുമെന്ന് കരുതുന്നതായി കൊച്ചികപ്പല്‍ശാല ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: