വാഷിംഗ്ടണ്‍: തോക്കുകളുടെ നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് നടത്തിയ പ്രസംഗം വികാരഭരിതമാക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഉള്ളി ഉപയോഗിച്ചെന്ന് ഫോക്‌സ് ന്യൂസിന്റെ വെളിപ്പെടുത്തല്‍. പ്രസംഗത്തിനിടെ കണ്ണീര്‍ വരുന്നതിനായിരുന്നു ഒബാമയുടെ ഈ വേലത്തരമെന്ന് ഫോക്‌സ് ന്യൂസ് ആരോപിക്കുന്നു.
2012ല്‍ യുഎസിലെ സാന്‍ഡി സ്‌ക്കൂളില്‍ നടന്ന വെടിവെപ്പില്‍ 20 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇതനുസ്മരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടയിലാണ് വികാരഭരിതനായി ഒബാമ കണ്ണീര്‍ വാര്‍ത്തത്. ഒബാമയുടെ പ്രസംഗത്തെക്കുറിച്ച് ഫോക്‌സ് ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ നേതാക്കളുടെ ഇത്തരത്തിലുള്ള പ്രതികരണങ്ങളില്‍ വിശ്വസിക്കാനാവില്ലെന്ന് അവതാരക അന്‍ഡ്രിയ ടാന്‍ടറോസ് പറഞ്ഞത്. ഒരു കഷ്ണം ഉള്ളിയോ മറ്റെന്തെങ്കിലുമോ കണ്ടെത്താന്‍ വേദിയില്‍ താന്‍ തിരഞ്ഞതായും ഇവര്‍ പറഞ്ഞു.
അതേസമയം, ഒബാമയുടേത് മോശം രാഷ്‌ട്രീയ നാടകമാണെന്നായിരുന്നു മറ്റൊരു അവതാരക മെലിസ ഫ്രാന്‍സിസിന്റെ അഭിപ്രായം. ആ കുട്ടികളെക്കുറിച്ച് ചിന്തിക്കുന്ന ഓരോ നിമിഷവും എനിക്കു ഭ്രാന്തു പിടിക്കുന്നതു പോലെയാണെന്നായിരുന്നു ഒബാമ പറഞ്ഞത്. തുടര്‍ന്ന് ഒബാമ കണ്ണീര്‍ വാര്‍ക്കുകയായിരുന്നു. ഇതാദ്യമായിട്ടല്ല പ്രസിഡന്റിനെതിരെ ഫോക്‌സ് മോശം പരാമര്‍ശം നടത്തുന്നത്. എന്നാല്‍ ഇത്തവണ രണ്ടുപേരെയും രാണ്ടാഴ്ചത്തേക്ക് ഫോക്‌സ് സസ്‌പെന്‍ഡ് ചെയ്തു.
















