ചക്കരക്കല്ല്: സ്‌ഫോടനത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന സിപിഎം പ്രവര്‍ത്തകനെ ജീവന്‍ രക്ഷിക്കാനായി സ്വന്തം കാറില്‍ കയറ്റി ആശുപത്രിയിലെത്തിച്ച വിമുക്തഭടന്റെ വീടാക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്ത പോലീസ് നടപടി വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. ചെമ്പിലോട് കോവിലില്‍ കഴിഞ്ഞ മൂന്നിനായിരുന്നു സംഭവം. ബോംബുമായി ബൈക്കില്‍ പോവുകയായിരുന്ന സിപിഎമ്മുകാര്‍ക്കാണ് അബദ്ധത്തിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റത്. വിമുക്തഭടനും പൂര്‍വ്വ സൈനികസേവാ പരിഷത്ത് പ്രവര്‍ത്തകനുമായ കെ.വി.ശശീന്ദ്രന്റെ വീടാണ് അക്രമികള്‍ നശിപ്പിച്ചത്. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ശശീന്ദ്രന്റെ രണ്ട് ലക്ഷം രൂപ വിലവരുന്ന ബൈക്കും നശിപ്പിച്ചിരുന്നു. ശശീന്ദ്രന്‍ ബിജെപി അനുഭാവിയായിരുന്നതിനാലും മക്കള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന കാരണത്താലുമാണ് വീട്ടില്‍ കയറി അക്രമം നടത്തിയത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് വീട്ടില്‍ വന്ന് അന്വേഷണം നടത്താനോ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാനോ തയ്യാറായിട്ടില്ല. സംഭവത്തില്‍ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ശക്തമായി പ്രതിഷേധിച്ചു.
















