കണ്ണൂര്‍: വിഷുവിന് ജില്ലയിലേക്ക് ആവശ്യമായ അളവില്‍ വിഷരഹിത പച്ചക്കറി ഉല്‍പ്പാദിപ്പിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ മുന്‍കൈയില്‍ പദ്ധതി തയ്യാറാക്കിയതായി പ്രസിഡണ്ട് കാരായി രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളെയും സന്നദ്ധ സംഘടനകളെയും സംയോജിപ്പിച്ചായിരിക്കും പദ്ധതി പ്രവര്‍ത്തനങ്ങള്‍. 50 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഇതിനായി വകയിരുത്തുക. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ വിഹിതവും സന്നദ്ധ പ്രവര്‍ത്തനവും ചേരുമ്പോള്‍ രണ്ട് കോടിയോളം രൂപയുടെ ബൃഹദ് പദ്ധതിയായി ഇത് മാറുമെന്ന് കാരായി രാജന്‍ പറഞ്ഞു. വലിയ ജനപങ്കാളിത്തത്തോടെ വിപുലമായ പ്രചാരണ-ബോധവല്‍ക്കരണ പരിപാടികളും നടത്തും. ജില്ലയിലാവശ്യമായ പച്ചക്കറി സംബന്ധിച്ച പഠനം നടത്തി ഓരോ പ്രദേശത്തിന്റെയും പ്രത്യേകതക്ക് യോജിക്കുന്ന രീതിയിലായിരിക്കും കൃഷിയിനങ്ങള്‍ നിശ്ചയിക്കുക. ആവശ്യമായ വിത്തും തൈകളും ജില്ലാ പഞ്ചായത്തിന്റെ കരിമ്പം, പാലയാട് ഫാമുകളെ ഉപയോഗപ്പെടുത്തി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ബ്ലോക്ക് തലത്തിലും ജില്ലാ കേന്ദ്രത്തിലും സംഭരണ, വിപണന കേന്ദ്രങ്ങളും സജ്ജമാക്കും. കൃഷിക്ക് ആവശ്യമായ വളം, ജൈവ കീടനാശിനി എന്നിവയും ഉറപ്പാക്കും. കാര്‍ഷിക വൃത്തിയില്‍ പരിചയമുളള 550 പേര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും. ശേഖരിക്കുന്ന പച്ചക്കറി വിഷരഹിതമാണെന്ന് ഉറപ്പാക്കാന്‍ വേണ്ട പരിശോധന സംവിധാനങ്ങളും ഏര്‍പ്പെടുത്തുമെന്ന് പ്രസിഡണ്ട് പറഞ്ഞു.
എല്ലാ ബ്ലോക്ക് പഞ്ചായത്തുകളോടും കൃഷി ചെയ്യാന്‍ കഴിയുന്ന സ്ഥലത്തിന്റെ വിസ്തൃതി, ആവശ്യമായ വിത്തിനങ്ങള്‍ എന്നിവ സംബന്ധിച്ച കണക്ക് ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചതായി വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ പറഞ്ഞു. ഇത് കിട്ടിയാല്‍ ആവശ്യമായ വിത്തും തൈകളും ശേഖരിച്ച് നല്‍കാനാവും. 20 ന് ശേഷം വിതയുത്സവത്തോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു. വിഷുവിന് ശേഷവും സ്ഥിരം പദ്ധതിയായി മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി എം.കെ.ശ്രീജിത്തും പങ്കെടുത്തു.
















