ലണ്ടന്‍: ഭീകരതയില്‍ നിന്നും തിരിച്ചുവരാന്‍ അഭ്യര്‍ത്ഥിച്ചതിന് ഐഎസ് ഭീകരന്‍ സ്വന്തം അമ്മയെ പരസ്യമായി വെടിവെച്ചുകൊന്നു. ഭീകര ഗ്രൂപ്പില്‍ നിന്നും മകനെ രക്ഷിച്ച് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാല്‍ 20കാരനായ ഭീകരന്‍ ജിഹാദി അലി സാഖര്‍ അല്‍ ഖ്വാസിമാണ് 45 കാരിയായ അമ്മ ലെനയെ വന്‍ ജനക്കൂട്ടത്തിന് മുമ്പില്‍ വച്ച് വെടിവെച്ച് കൊന്നതെന്ന് റാഖയിലെ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു.
ഐഎസില്‍ ചേര്‍ന്ന മകനെ മനസുമാറ്റി തിരികെ കൊണ്ടുവന്ന് ഇരുവര്‍ക്കും റാഖയില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് മാതാവ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഭീകരനായ മകന്‍ ഇതിന് തയ്യാറായിരുന്നില്ല. അയാള്‍ ഭീകരതയുടെ ക്രൂരമുഖമായി മാറുകയായിരുന്നു.
രക്ഷപ്പെടാനുള്ള ശ്രമത്തെകുറിച്ച് ഐഎസ് നേതൃത്വവും അറിഞ്ഞു. തുടര്‍ന്ന് സംഘടനയ്‌ക്ക് എതിരെ നിന്നുവെന്ന കുറ്റത്തിന് ഭീകരന്റ അമ്മക്ക് ഐഎസ് വധശിക്ഷ വിധിക്കുകയായിരുന്നു. മകന്‍ തന്നെ ശിക്ഷ നടപ്പിലാക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. ഭീകരനായ മകന്‍ യാതൊരു മടിയും കൂടാതെയാണ് ശിക്ഷ നടപ്പിലാക്കിയത്. രാജ്യദ്രോഹക്കുറ്റമാണ് എതിരെ നില്‍ക്കുന്നവര്‍ക്ക് ഐഎസ് ചുമത്തുന്നത്.
ഇതിനിടെ ഐഎസിന്റെ മുഖ്യവക്താവ് അബു മുഹമ്മദ് അല്‍ അദാനിക്ക് വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
















