ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ആദ്യപാദ സെമിയില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. എവര്‍ട്ടനാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സിറ്റിയെ തകര്‍ത്തുവിട്ടത്. എവര്‍ട്ടനായി ഫ്യൂനസ് മോറിയും റൊമേലു ലുകാകുവും ലക്ഷ്യം കണ്ടപ്പോള്‍ സിറ്റിയുടെ ആശ്വാസം ജീസസ് നവാസിലൂടെ.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്ന സിറ്റിക്ക് തിരിച്ചടിയായത് അഗ്യൂറോയും സില്‍വയും ഡി ബ്രൂയനും ഉള്‍പ്പെട്ട മുന്നേറ്റ അവസരങ്ങള്‍ തുലച്ചുകളഞ്ഞതാണ്. കളിയിലുടനീളം സിറ്റി താരങ്ങള്‍ പായിച്ചത് 18 ഷോട്ടുകള്‍. എന്നാല്‍ എവര്‍ട്ടന്‍ ഗോളിയുടെ മികവും സിറ്റി താരങ്ങളുടെ ലക്ഷ്യബോധമില്ലായ്‌മയും അവര്‍ക്കുതന്നെ വിനയായി.
കളിയുടെ 45-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഗരെത്ത് ബാരി എടുത്ത കോര്‍ണര്‍ കിക്ക് റോസ് ബാര്‍ക്ക്‌ലി ഇടംകാലന്‍ ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും സിറ്റി ഗോളി തടുത്തിട്ടു. എന്നാല്‍ വീണുകിട്ടിയ പന്ത് പിടിച്ചെടുത്ത ഫ്യൂനസ് മോറി പിഴവു പറ്റാതെ ലക്ഷ്യം കണ്ടു. പിന്നീട് 76-ാം മിനിറ്റില്‍ ജീസസ് നവാസിലൂടെ സിറ്റി സമനില പിടിച്ചു.
2014 സെപ്തംബറിന് ശേഷം നവാസ് സിറ്റിക്കായി നേടുന്ന ആദ്യ ഗോളാണിത്. തൊട്ടടുത്ത മിനിറ്റില്‍ റൊമേലു ലുകാകു തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ എവര്‍ട്ടന്റെ വിജയഗോള്‍ നേടുകയും ചെയ്തു.
രണ്ടാം പകുതിയില്‍ സമനില ഗോളിനായി സിറ്റി താരങ്ങള്‍ ആക്രമണത്തിരമാലകള്‍ തീര്‍ത്തെങ്കിലും എവര്‍ട്ടണ്‍ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല.
















