കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക ബൈക്ക് പ്രകടനങ്ങള്‍ അരങ്ങേറുന്ന ഇന്ത്യ ബൈക്ക് വീക്കിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഫെബ്രുവരി 19, 20 തീയതികളില്‍ ഗോവയിലെ വാഗത്തോറിലാണ് ഇന്ത്യ ബൈക്ക് വീക്കിന്റെ നാലാം പതിപ്പ് അരങ്ങേറുന്നത്. ഇന്ത്യക്കകത്തും പുറത്തുനിന്നുമായി ക്ലബ്ബുകളും റൈഡര്‍മാരും ഉള്‍പ്പെടെ 12,000 ഓളം ബൈക്കുകളായിരിക്കും ഇത്തവണ മാറ്റുരക്കുക.
അമേച്വര്‍ മോട്ടോര്‍ ക്രോസ് ടീമുകള്‍ പങ്കെടുക്കുന്ന ഹാര്‍ഡ് എന്‍ഡ്യൂറോ ചലഞ്ചാണ് ഐബിഡബ്ല്യു 2016-ന്റെ പ്രത്യേകത. ഇതിലെ വിജയികള്‍ക്ക് ട്രോഫിയും 75000 രൂപയും സമ്മാനമായി ലഭിക്കും.
മോട്ടോ ആര്‍ട് ചലച്ചിത്രമേളയാണ് മറ്റൊരിനം. റൈഡര്‍, ബൈക്ക്, യാത്ര എന്നിവയെപ്പറ്റിയുള്ള ചലചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഡിസൈനര്‍ അര്‍ജുന്‍ഖന്ന, മോട്ടോ ഫോട്ടോഗ്രാഫര്‍മാരായ വിക്രം ബാവ, റോണി സെക്വേര എന്നിവര്‍ രൂപകല്‍പന ചെയ്ത മോട്ടോ ആര്‍ട് കലക്ടീവ് പ്രദര്‍ശനവും ഇതോടൊപ്പം ഉണ്ടായിരിക്കും.
2016-ലെ ഇന്ത്യയിലെ മികച്ച ബൈക്ക് നിര്‍മാതാവിനെ കണ്ടെത്താനുള്ള നാഷണല്‍ കസ്റ്റം ബൈക്ക് ബില്‍ഡ്-ഓഫ്‌സ്, നാഷണല്‍ സ്റ്റണ്ട് ചാമ്പ്യന്‍ഷിപ്പ്, ഇന്റര്‍നാഷണല്‍ ബൈക്ക് എക്‌സ്‌പോ, അപൂര്‍വ്വങ്ങളായ നൂറിലേറെ ഹെറിറ്റേജ് ബൈക്കുകള്‍ പ്രദര്‍ശിപ്പിക്കുന്ന വിന്റേജ് ആന്‍ഡ് ക്ലാസിക് ബൈക്ക് കോണ്‍കോഴ്‌സ്, എന്നിവയാണ് ഇന്ത്യാ ബൈക്ക് വീക്കിലെ മറ്റ് ആകര്‍ഷകമായ ഇനങ്ങളെന്ന് സംഘാടകരായ 70 ഇവന്റ് മീഡിയ ഗ്രൂപ്പ് സിഇഒ മാര്‍ട്ടിന്‍ ഡ കോസ്റ്റ പറഞ്ഞു.
















