കേപ്ടൗണ്‍: അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച ഹാഷിം ആംലക്ക് പകരം ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിനെ ഡിവില്ലിയേഴ്‌സ് നയിക്കും. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുശേഷമാണ് ആംല ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. പരമ്പരയിലെ അവശേഷിക്കുന്ന ടെസ്റ്റുകളില്‍ ടീമിനെ ഏകദിന ക്യാപ്റ്റന്‍ എ.ബി. ഡിവില്ല്യേഴ്‌സ് നയിക്കും.
2014-ല്‍ ഗ്രെയിം സ്മിത്തിന്റെ പകരക്കാരനായി ആംല ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിന്റെ നായകനാവുന്നത്. നായകനെന്ന നിലയില്‍ ശ്രീലങ്കയ്‌ക്കും സിംബാബ്‌വെയ്‌ക്കും വെസ്റ്റിന്‍ഡീസിനുമെതിരായ ടെസ്റ്റ് പരമ്പരകളില്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ച ആംല ബംഗ്ലാദേശിനെതിരെ സമനില നേടി. ഇതിനുശേഷമാണ് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 3-0ന്റെ ദയനീയ തോല്‍വി വഴങ്ങിയത്. ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും ദക്ഷിണാഫ്രിക്ക പരാജയമേറ്റുവാങ്ങി.
ടീം തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ ആംലക്കെതിരെ ഏറെവിമര്‍ശമുയര്‍ന്നിരുന്നു. ബാറ്റിങിലും ആംല ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയുമായി ആംല വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഇതിനുശേഷമാണ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനം താരം പ്രഖ്യാപിച്ചത്. തീരുമാനം എളുപ്പമായിരുന്നില്ലെന്നും എന്നാല്‍ തനിക്ക് ശരിയെന്നു തോന്നുന്നതിനാലാണ് സ്ഥാനമൊഴിയുന്നതെന്നും ആംല പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡിവില്ലിയേഴ്‌സ് ക്യാപ്റ്റനാകാന്‍ കഴിവുള്ള ആളാണെന്നും ആംല കൂട്ടിച്ചേര്‍ത്തു.
















