നൗ ക്യാമ്പ്: സ്പാനിഷ് ലീഗ് കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് മിന്നുന്ന വിജയം. ഇന്നലെ പുലര്‍ച്ചെ സമാപിച്ച ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബാഴ്‌സ എസ്പാനിയോളിനെ തകര്‍ത്തു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ബാഴ്‌സയുടെ വിജയം. രണ്ട് ഗോളുകളുമായി സൂപ്പര്‍താരം ലയണല്‍ മെസ്സി കളം നിറഞ്ഞുകളിക്കുകയും ചെയ്തു.
കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ എസ്പാനിയോള്‍ ബാഴ്‌സയെ ഞെട്ടിച്ച് ഗോള്‍ നേടി. ഫെലിപ്പോ കാസിയാഡോയാണ് സുന്ദരമായ ഗോളിലൂടെ സന്ദര്‍ശകര്‍ക്ക് ലീഡ് നേടിക്കൊടുത്തത്. ലീഡ് വഴങ്ങിയശേഷം തിരമാലകണക്കെയുള്ള ആക്രമണങ്ങളുമായി മെസ്സിയും കൂട്ടരും കളംനിറഞ്ഞു. നാല് മിനിറ്റിനുശേഷം മെസ്സിയിലൂടെ ബാഴ്‌സ സമനില പിടിച്ചു. പെനാല്‍റ്റി ബോക്‌സിലേക്ക് ആന്ദ്രെ ഇനിയേസ്റ്റ നീട്ടി നല്‍കിയ പാസില്‍ നിന്നായിരുന്നു മെസ്സി ആദ്യ ഗോള്‍ നേടിയത്. പിന്നീട് 44-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയും മെസ്സി ലക്ഷ്യം കണ്ടപ്പോള്‍ ആദ്യപകുതിയില്‍ ബാഴ്‌സ 2-1ന് മുന്നില്‍. 25 വാര അകലെനിന്ന് മെസ്സിയെടുത്ത ഫ്രീകിക്ക് പോസ്റ്റിന്റെ ഇടത്തേ അറ്റത്തേക്ക് ഊഴ്ന്നിറങ്ങി ബാറില്‍ തട്ടി പോസ്റ്റിലേക്ക് ഇറങ്ങിയപ്പോള്‍ ഗോള്‍കീപ്പറുടെ ഡൈവിനും എസ്പാനിയോളിനെ രക്ഷപ്പെടുത്താനായില്ല.
രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റായപ്പോഴേക്കും ബാഴ്‌സ മൂന്നാം തവണയും എസ്പാനിയോള്‍ വല കുലുക്കി. മെസ്സി നല്‍കിയ പാസ് ഗോളിലേക്ക് തിരിച്ചു വിടാന്‍ പിക്വെക്ക് ഒരു ടച്ച് മാത്രം മതിയായിരുന്നു. പിന്നീട് കളിയുടെ 88-ാം മിനിറ്റില്‍ വീണ്ടും മെസ്സി മാജിക്ക് ഫലം കണ്ടു. പെനാല്‍റ്റി ബോക്‌സിനടുത്തു വെച്ച് കിട്ടിയ പന്ത് നെയ്‌മര്‍ മെസ്സിക്ക് നല്‍കി. മെസ്സി ഒരു ചിപ്പിലൂടെ തിരിച്ചു നല്‍കിയ പന്ത് എണ്ണം പറഞ്ഞ പ്ലേസിലൂടെ നെയ്‌മര്‍ ഗോളാക്കി മാറ്റി. കളിയില്‍ തിരിച്ചുവരാന്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത എസ്പാനിയോളിന്റെ രണ്ടു താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായപ്പോള്‍ ഒമ്പത് പേരെ വെച്ചാണ് അവര്‍ കളി പൂര്‍ത്തിയാക്കിയത്. 72-ാം മിനിറ്റില്‍ പെരസും 75-ാം മിനിറ്റില്‍ ഡിയോപുമാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്.
മറ്റൊരു കളിയില്‍ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ആല്‍വാരോ നെഗ്രഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ കരുത്തില്‍ വലന്‍സിയ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഗ്രാനഡ എഫ്‌സിയെ തകര്‍ത്തു. എട്ടാം മിനിറ്റിലും പിന്നീട് പെനാല്‍റ്റിയിലൂടെ 63, 83 മിനിറ്റുകളിലുമാണ് നെഗ്രഡോ ടീമിനായി ലക്ഷ്യം കണ്ടത്. 35-ാം മിനിറ്റില്‍ റോഡ്രിഗോയും വലന്‍സിയക്കായി ലക്ഷ്യം കണ്ടു.
അതേസമയം മറ്റൊരു ആദ്യപാദ മത്സരത്തില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. റയോ വയ്യക്കാനോയാണ് മാഡ്രിഡിനെ 1-1ന് സമനിലയില്‍ തളച്ചത്. വയ്യക്കാനോക്ക് വേണ്ടി മാര്‍ട്ടിനസ് ഗാര്‍ഷ്യയും അത്. മാഡ്രിഡിന് വേണ്ടി 67-ാം മിനിറ്റില്‍ നിഗ്വസും ലക്ഷ്യം കണ്ടു.
മറ്റ് മത്സരങ്ങളില്‍ രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം അത്‌ലറ്റിക് ബില്‍ബാവോ മൂന്നെണ്ണം തിരിച്ചടിച്ച് വിയ്യാറയലിനെ കീഴടക്കിയപ്പോള്‍ സെവിയ 2-0ന് റയല്‍ ബെറ്റിസിനെയും പരാജയപ്പെടുത്തി. മിറാന്‍ഡസ്-ഡി പോര്‍ട്ടീവോ മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു.
















