കൊച്ചി: സൗരാഷ്‌ട്രയെയും കീഴടക്കി കേരളം സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ലീഗിലേക്ക്. ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ കേരളം 50 റണ്‍സിനാണ് സൗരാഷ്‌ട്രയെ തകര്‍ത്തെറിഞ്ഞത്. തുടര്‍ച്ചയായ നാലാം വിജയമാണ് ഗ്രൂപ്പ് മത്സരത്തില്‍ കേരളം സ്വന്തമാക്കിയത്. കളമശ്ശേരി സെന്റ് പോള്‍സ് മൈതാനത്ത് ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് അടിച്ചുകൂട്ടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്‌ട്രക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നാല് വിജയങ്ങളില്‍ നിന്ന് 16 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് കേരളം. ഇനി രണ്ട് മത്സരങ്ങളാണ് കേരളത്തിന് ബാക്കിയുള്ളത്. ജാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍, ത്രിപുര ടീമുകള്‍ക്കെതിരെയും നേരത്തേ കേരളം ജയിച്ചിരുന്നു. മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സൗരാഷ്‌ട്ര, പഞ്ചാബ്, ഝാര്‍ഖണ്ഡ് ടീമുകള്‍ എട്ടു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. നാല് ഗ്രൂപ്പുകളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ ഓരോ ഗ്രൂപ്പിലും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന രണ്ടു ടീമുകളാണ് 15 മുതല്‍ 20 വരെ മുംബൈയില്‍ നടക്കുന്ന സൂപ്പര്‍ ലീഗ് നോക്കൗട്ട് മത്സരങ്ങള്‍ക്ക് യോഗ്യത നേടുക.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട കേരളത്തിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോയും ഇന്നലെ ഓപ്പണറായി ഇറങ്ങുകയും ചെയ്ത സഞ്ജു സാംസണ്‍ (1) മടങ്ങി. പിന്നീട് ജഗദീഷും രോഹന്‍ പ്രേമും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ സ്‌കോര്‍ 36 റണ്‍സിലെത്തിയപ്പോള്‍ 15 റണ്‍സെടുത്ത ജഗദീഷും മടങ്ങി. മൂന്നാം വിക്കറ്റില്‍ രോഹന്‍ പ്രേമിനൊപ്പം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഒത്തുചേര്‍ന്നതോടെയാണ് കേരളം മികച്ച സ്‌കോറിലേക്ക് നീങ്ങിയത്. ഇരുവരും ചേര്‍ന്ന് 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സ്‌കോര്‍ 121 റണ്‍സിലെത്തിയപ്പോള്‍ 30 പന്തുകളില്‍ നിന്ന് രണ്ട് ഫോറും മൂന്ന് സിക്‌സറുമടക്കം 43 റണ്‍സെടുത്ത നായകന്‍ മടങ്ങി.
തുടര്‍ന്നെത്തിയ റൈഫി വിന്‍സന്റ് ഗോമസും മികച്ച പ്രകടനം നടത്തിയെങ്കിലും അര്‍ദ്ധസെഞ്ചുറി പിന്നിട്ട രോഹന്‍ പ്രേം സ്‌കോര്‍ 126-ല്‍ എത്തിയപ്പോള്‍ മടങ്ങി. 43 പന്തുകളില്‍ നിന്ന് 56 റണ്‍സാണ് രോഹന്‍ പ്രേം നേടിയത്. കേരളത്തിനായി കഴിഞ്ഞ നാലു മത്സരങ്ങളില്‍ നിന്ന് 193 റണ്‍സ് നേടിയ രോഹന്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മുന്നിലെത്തി. തുടര്‍ന്നെത്തിയവരില്‍ ഒരാള്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. പി. പ്രശാന്ത് (1), ജാഫര്‍ ജമാല്‍ (7), മനുകൃഷ്ണന്‍ (0), നിഖിലേഷ് സുരേ്രന്ദന്‍ (0), ബാസില്‍ തമ്പി (0) എന്നിവരും തീര്‍ത്തും നിരാശപ്പെടുത്തി. റൈഫി 15 പന്തില്‍ നിന്ന് 25 റണ്‍സെടുത്തും സന്ദീപ് വാര്യര്‍ ഒരു റണ്‍സെടുത്തും പുറത്താകാതെ നിന്നു. സൗരാഷ്‌ട്രക്ക് വേണ്ടി ജയദേവ് ഉനദ്കത് മൂന്നും ശൗര്യ സനന്‍ദിയ, ചിരാഗ് ജാനി എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്‌ത്തി.
166 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്‌ട്രക്ക് ഒരിക്കലും മത്സരത്തില്‍ പിടിമുറുക്കാന്‍ കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളില്‍ കേരള ബൗളര്‍മാര്‍ വിക്കറ്റ് വീഴ്‌ത്തിയതോടെ അവര്‍ പ്രതിരോധത്തിലുമായി. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ക്യാപ്റ്റന്‍ ചേതേശ്വര്‍ പൂജാര 26 റണ്‍സ് നേടി ചെറുത്തുനിന്നു. വാലറ്റത്ത് 20 പന്തില്‍ 32 റണ്‍സ് അടിച്ചുകൂട്ടിയ ഉനദ്കട് തന്നെ ബാറ്റിംഗിലും തിളങ്ങി. മൂന്ന് വിക്കറ്റ് വീതം നേടിയ മനുകൃഷ്ണന്‍, പ്രശാന്ത് പത്മനാഭന്‍ എന്നിവര്‍ക്കൊപ്പം രണ്ട് വിക്കറ്റുകള്‍ പിഴുത വി.എ. ജഗദീഷും ബൗളിങില്‍ മികച്ചുനിന്നു.
















