കണ്ണൂര്‍: കണ്ണൂരില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ നടന്നിട്ടുള്ള അതിക്രമങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കേസ്സുകളിലെ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍ മുന്‍പാകെ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാന്‍ വകുപ്പു മേധാവികള്‍ക്ക് കമ്മീഷന്റെ കത്ത്. ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന ഡിജിപി, നിയമകാര്യ വകുപ്പ് സെക്രട്ടറി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍, കണ്ണൂര്‍ എസ്പി എന്നിവര്‍ക്കാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ഈ മാസം 12ന് രാവിലെ 11 മണിക്ക് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കണ്ണൂരില്‍ റജിസ്റ്റര്‍ ചെയ്ത കേസ്സുകളില്‍ പ്രതികള്‍ കൂട്ടത്തോടെ രക്ഷപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരളാ സ്‌റ്റേറ്റ് പട്ടികസമാജം ജനറല്‍ െസക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്റെ നടപടി. തെക്കന്‍ സുനില്‍കുമാറിന്റെ പരാതി കമ്മീഷന്‍ 12 ന് നേരില്‍ േകള്‍ക്കും. പരാതി സംബന്ധിച്ച് ആഭ്യന്തര, നിയമ, പോലീസ്, പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പു മേധാവികള്‍ രേഖകള്‍ സഹിതം കാര്യങ്ങള്‍ ബോധിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പു മേധാവികള്‍ സിറ്റിംഗില്‍ ഹാജരാകാത്ത പക്ഷം ഹരജിയിന്‍മേല്‍ കമ്മീഷന്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുമെന്നും കമ്മീഷന്റെ തീരുമാനങ്ങള്‍ മേധാവികള്‍ ബാധ്യസ്ഥരായിരിക്കുമെന്നും കമ്മീഷന്റെ കത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കഴിഞ്ഞ 2 വര്‍ഷത്തോളമായി സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസ്സുകളിലൊന്നും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരെ നിരവധി അക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കേസ്സുകള്‍ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്നാണ് പരാതികള്‍ ഉയരുന്നത്. പ്രതികള്‍ക്ക് രക്ഷപ്പെടാവുന്ന രീതിയിലുള്ള എഫ്‌ഐആറുകളാണ് പോലീസ് തയ്യാറാക്കുന്നതെന്നും ആരോപണമുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം 1989ല്‍ നിലവില്‍ വന്നതിനു ശേഷം ഈ നിയമപ്രകാരം കണ്ണൂര്‍ ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തത് 533 ഓളം കേസ്സുകളാണ്. എന്നാല്‍ ഇതില്‍ ഒരു കേസില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. പോലീസിനും ജുഡീഷ്യറിക്കും ഇതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2014 മെയ് 26 മുതല്‍ ജൂണ്‍ 9 വരെ കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ പട്ടികസമാജം ജനറല്‍ െസക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു. സമരത്തെതുടര്‍ന്ന് കലക്ടറും പോലീസ് സൂപ്രണ്ടും ചേര്‍ന്ന് സുനില്‍കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമവും ചട്ടവും അനുസരിച്ച് കേസ് ശക്തിപ്പെടുത്തുന്നതിന് ഇരകള്‍ക്ക് പ്രീട്രയല്‍ ലീഗല്‍ അസിസ്റ്റന്‍സ് നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ഇതിനായി ഒരു ഉദ്യോഗസ്‌നെ നിയമിക്കുകയും െചയ്തിരുന്നു. കേസ് മോണിറ്ററിംഗ് ചെയ്യുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുന്നതിനും റജിസ്റ്റര്‍ ചെയ്ത കേസ്സുകളില്‍ കുറ്റവാളികള്‍ രക്ഷപ്പെടാനുണ്ടായ കാരണങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങളെല്ലാം ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും ചേര്‍ന്ന് അട്ടിമറിച്ചതായും ഈ സാഹചര്യത്തിലാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചതെന്നും പട്ടികസമാജം ജനറല്‍ െസക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ അറിയിച്ചു. കേസ്സില്‍ ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദനും കക്ഷിചേര്‍ന്നിട്ടുണ്ട്.
















