പയ്യന്നൂര്‍: മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഡിഐജിക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും പിതാവ് പരാതി നല്‍കി. പയ്യന്നൂര്‍ നമ്പ്യാര്‍തറ കൗവ്വലിലെ എന്‍.കെ.ഭരതനാണ് മകന്‍ അനീഷ് (29)ന്റെ തീപ്പൊള്ളലേറ്റതിനെ തുടര്‍ന്നുളള മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതിനല്‍കിയത്. കഴിഞ്ഞ നവംബര്‍ 29ന് തീപ്പൊള്ളലേറ്റ അനീഷ് ഡിസംബര്‍ 1നാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. അനീഷിന്റെ മരണം പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മരണത്തിലെ ദുരൂഹത നീക്കാനുള്ള സമഗ്രമായ അന്വേഷണം നടത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. ഒരു യുവതിയുമായി അനീഷ് പ്രണയത്തിലായിരുന്നുവെന്നും ഈ യുവതിയുടെ വീട്ടില്‍ തീപ്പൊള്ളലേറ്റ ദിവസം ഇയാള്‍ മൂന്ന്തവണ പോയതായും പരാതിയില്‍ പറയുന്നു.
















