തളിപ്പറമ്പ്: ഫേസ്ബുക്ക് പേജില്‍ പര്‍ദ്ദയെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്റ്റുഡിയോ കത്തിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത പോലീസ് നടപടി വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. സംഭവം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെകുറിച്ചുള്ള സൂചന പോലും പോലീസിന് ലഭിച്ചില്ല. ഒരുകൂട്ടം മുസ്ലീം മത തീവ്രവാദികളാണ് സ്റ്റുഡിയോ അഗ്നിക്കിരയാക്കിയത്. ഭരണ സ്വാധീനവും മറ്റും ഉപയോഗിച്ച് കേസ് തേച്ചുമാച്ച് കളയാനും പ്രതികളെ രക്ഷപ്പെടുത്താനും ചിലര്‍ ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. തളിപ്പറമ്പ് സ്റ്റേഷനിലെ എഎസ്‌ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷണം നടത്തിയിരുന്നത്. തളിപ്പറമ്പില്‍ എസ്‌ഐ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടും കേസ് അന്വേഷണം എഎസ്‌ഐക്ക് വിട്ടുനല്‍കിയതിലും ദുരൂഹതയുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരീക്ഷണ ക്യാമറകള്‍ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ആനിലയിലുള്ള അന്വേഷണം പുരോഗമിച്ചിരുന്നില്ല. നഗരത്തിലെ മറ്റ് നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കാനും പോലീസ് തയ്യാറായിട്ടില്ല. ഇതേതുടര്‍ന്ന് പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് കേസന്വേഷണം പ്രിന്‍സിപ്പള്‍ എസ്‌ഐ കെ.ജെ.ബിനോയ് ഏറ്റെടുത്തിട്ടുണ്ട്.
സംഭവത്തില്‍ വിദേശ ബന്ധം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് ബ്യൂറോ അധികൃതര്‍ അന്വേഷണത്തിനായി തളിപ്പറമ്പില്‍ എത്തിയിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണത്തിനായി എത്തിയിട്ടും സംസ്ഥാന പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടികളില്ലാത്തതിനെ തുടര്‍ന്ന് ചില സംഘടനകള്‍ തളിപ്പറമ്പില്‍ പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. തളിപ്പറമ്പില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന തീവെപ്പു കേസുകളിലെ പ്രതികളെ പോലും പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെയാണ് വീണ്ടും സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നതെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.
















