തളിപ്പറമ്പ്: എമ്പേറ്റില്‍ യുവതിയെയും മകനെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിലെ പ്രതി ചെറുപുഴ തയ്യേനി സ്വദേശി ജയിംസിന്റെ തലമുടി രാസപരിശോദനക്കായി പോലീസ് ശേഖരിച്ചു. റിമാന്റിലായ ഇയാളെ കൂടുതല്‍ തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇന്നലെ ഇയാളെ സംഭവസ്ഥലത്തുകൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയാണ് പാതിരാ കുര്‍ബ്ബാനയ്‌ക്ക് പോവുകയായിരുന്ന എമ്പേറ്റിലെ റിന്‍ഷിക്കും മകനും നേരെ ഇയാള്‍ ആസിഡ് ഒഴിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയും കുഞ്ഞും മംഗലാപുരം ഫാ.മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ ധരിച്ചിരുന്ന സാന്താക്ലോസിന്റെ തൊപ്പിയില്‍ നിന്നും മുഖംമൂടിയില്‍ നിന്നും മുടിയിഴകള്‍ ലഭിച്ചിരുന്നു. അക്രമത്തിന് പിന്നില്‍ ഇയാള്‍തന്നെയാണെന്ന് ഉറപ്പാക്കാന്‍ ഈ മുടിയിഴയും ഇയാളില്‍ നിന്നും ശേഖരിച്ച മുടിയും രാജീവ് ഗാന്ധി ബയോമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ രാസ പരിശോധനക്ക് വിധേയമാക്കും. തിങ്കളാഴ്ച ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
















