കൊച്ചി: സയ്യദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. ഗ്രൂപ്പ് ബി മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുന്നത്. കേരളം, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ത്രിപുര, സൗരാഷ്‌ട്ര, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെടുന്നത്. കൊച്ചി അന്താരാഷ്‌ട്ര സ്‌റ്റേഡിയം, കളമശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. കൊച്ചി അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് രാജസ്ഥാനും പഞ്ചാബും തമ്മിലാണ് ആദ്യ മത്സരം. ഉച്ചയ്‌ക്ക് ഒരുമണിക്ക് ത്രിപുര-സൗരാഷ്‌ട്ര മത്സരവും നടക്കും. കേരളത്തിന്റെ ആദ്യ മത്സരത്തില്‍ എതിരാളികള്‍ ജമ്മുകശ്മീരാണ്. കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ ഉച്ചയ്‌ക്ക് ഒന്നിന് കളി തുടങ്ങും.
ഇന്നലെ രാവിലെ മുതല്‍ ടീമുകള്‍ ഓരോരുത്തരായി കൊച്ചി അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി. ഉച്ച കഴിഞ്ഞ് കോച്ച് പി. ബാലചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു കേരളത്തിന്റെ പരിശീലനം. യുവ താരനിരയിലാണ് കേരളത്തിന്റെ പ്രതീക്ഷ. സച്ചിന്‍ ബേബിയാണ് ക്യാപ്ടന്‍. ജഗദീഷ് വി.എ, മുഹമ്മദ് അസ്ഹറുദ്ദീന്‍, സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, പി. പ്രശാന്ത്, ജാഫര്‍ ജമാല്‍, നിഖിലേഷ് സുരേന്ദ്രന്‍, റൈഫി വിന്‍സെന്റ് ഗോമസ്, സന്ദീപ് വാര്യര്‍, ഫാബിദ് ഫാറൂഖ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, നിയാസ്. എന്‍, വിനൂപ് മനോഹരന്‍ എന്നിവരാണ് ടീമംഗങ്ങള്‍.
ദേശീയ താരങ്ങളുടെ സാന്നിധ്യമാണ് ടൂര്‍ണമെന്റിനെ ആകര്‍ഷകമാകുന്നത്. ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങും ചേതേശ്വര്‍ പൂജാരയുമാണ് പ്രമുഖര്‍. ഇരുവരും പഞ്ചാബിനായാണ് കളിക്കുന്നത്. യുവരാജ് സിങ് ഇന്നലെ ഉച്ചയ്‌ക്കുശേഷം മൂന്ന് മണിയോടെ കൊച്ചിയിലത്തെി ടീമിനൊപ്പം ചേര്‍ന്നു. ഹര്‍ഭജന്‍ സിങ് ഇന്ന് രാവിലെ കൊച്ചിയിലത്തെുമെന്നാണ് കരുതുന്നത്.
ഐപിഎല്‍ സീസണ്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ വിവിധ ഐപിഎല്‍ ടീമുകളുടെ പ്രതിനിധികളും മത്സരം വീക്ഷിക്കാനെത്തുന്നുണ്ട്. ഈ മാസം പത്ത് വരെയാണ് മത്സരങ്ങള്‍.
















