കൂത്തുപറമ്പ്: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതിനും പറമ്പില്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിനുമെതിരെ ബോധവത്കരണവുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ വീടുവീടാന്തരം കയറിയിറങ്ങി. വേങ്ങാട് ഇകെഎന്‍എസ് ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും വേങ്ങാട് സാന്ത്വനവും സംയുക്തമായി നടപ്പിലാക്കുന്ന പ്രകൃതി സൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് നൂറോളം വീടുകളില്‍ വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണ സ്റ്റിക്കറുകളുമായി കയറിയിറങ്ങിയത്.
പദ്ധതി ജില്ലാ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സാന്ത്വനം ചെയര്‍മാന്‍ പ്രദീപന്‍ തൈക്കണ്ടി അധ്യക്ഷതവഹിച്ചു. മമ്പറം ജൂനിയര്‍ ജേസി സെക്രട്ടറി ഷിഗില്‍ കോമത്ത്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷിനിത്ത് പാട്യം, സി.പി.പ്രശാന്ത് മാസ്റ്റര്‍ സംസാരിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ബോധവത്കരണ സ്റ്റിക്കറുകള്‍ വിതരണം ചെയ്തു.
















