പുലാമന്തോള്‍: സംസ്ഥാന സര്‍ക്കാര്‍ വാക്ക് പാലിക്കാത്തതിനാല്‍ നെല്‍ കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലേക്ക്. കാലം തെറ്റി പെയ്ത മഴയും, കാലാവസ്ഥയില്‍ വന്ന അപ്രതീക്ഷിത വ്യതിയാനങ്ങളും നെല്ലിന്റെ ഉത്പാദനത്തെ ഏറെ ബാധിച്ച വര്‍ഷമാണ് കടന്നു പോയത്.
കര്‍ഷകര്‍ ഭൂരിഭാഗവും കടക്കെണിയിലായ പശ്ചാത്തലത്തിലാണ് ‘താങ്ങുവില’ എന്ന പഞ്ചാര വാക്കുമായി സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ ആശ്വസിപ്പിച്ചത്. ഇതുപ്രകാരം നിലവില്‍ 19 രൂപക്ക് സംഭരിച്ചു കൊണ്ടിരുന്ന നെല്ല് 21 രൂപ 50 പൈസക്ക് സംഭരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി.
എന്നാല്‍ വാഗ്‌ദ്ധാനം നല്‍കി മൂന്ന് മാസം പിന്നിട്ടിട്ടും നടപ്പിലായിട്ടില്ല. അതും മുന്‍കാല പ്രാബല്യത്തോടെ നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്. അതേസമയം ധനവകുപ്പാണ് ഇതിന് പിന്നില്‍ കളിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. മാണി കോണ്‍ഗ്രസ് പോര് കാരണം തുക വര്‍ദ്ധിപ്പിച്ച് നല്‍കുന്ന കാര്യത്തില്‍ ധനവകുപ്പ് മെല്ലപ്പോക്ക് നടത്തുകയാണത്രേ. എന്നാല്‍ മുഖ്യമന്ത്രി ധനവകുപ്പ് ഏറ്റെടുത്തിട്ടും താങ്ങുവില നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നത് കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ മനോഭാവമാണ് വ്യക്തമാക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. സര്‍ക്കാരിന്റെ പ്രതിബദ്ധത ഇല്ലായ്‌മ കാരണം പുതുവര്‍ഷത്തില്‍ നിരവധി കര്‍ഷകരാണ് നെല്‍ കൃഷിയില്‍ നിന്നും പിന്മാറാന്‍ തയ്യാറായി നില്‍ക്കുന്നത്.
അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശ്രദ്ധ ചെലുത്താത്ത പക്ഷം കര്‍ഷകരുടെ അവസ്ഥ കൂടുതല്‍ ദുസഹമാകാനാണ് സാധ്യത.
















