കുന്നത്തൂര്‍: പോരുവഴി ഇടയ്‌ക്കാട് പ്രദേശത്ത് സാമൂഹികവിരുദ്ധ ശല്യവും അക്രമവും പതിവാകുന്നു. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ അക്രമണത്തില്‍ നൂറുകണക്കിന് ഏത്തവാഴ കൃഷി വെട്ടിനശിപ്പിച്ചു. ഇതുകൂടാതെ ഇടയ്‌ക്കാട്-തെങ്ങമം റോഡിന് ഇരുവശത്തുമുള്ള കടകള്‍ക്ക് നേരെയും അക്രമം നടന്നു. കടകളുടെ ജനല്‍ ചില്ലുകളും ഓടുകളും എറിഞ്ഞ് നശിപ്പിച്ചിട്ടുണ്ട്. രാത്രി പന്ത്രണ്ടിന് ശേഷം അക്രമണം നടന്നതായാണ് സൂചന. നേരത്തെ ക്രിസ്തുമസ് ദിനങ്ങളിലും സമാനമായ ആക്രമണം ഉണ്ടായിരുന്നു. അന്ന് വ്യാപാരികള്‍ പരാതി നല്‍കിയെങ്കിലും പോലീസ് അന്വേഷണം കാര്യക്ഷമമായി തുടങ്ങിയില്ലെന്ന് ആക്ഷേപമുണ്ട്. ഏത്തവാഴ കൃഷി നശിപ്പിച്ചതിലൂടെ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശൂരനാട് പോലീസ് കേസെടുത്തു.
















