ഇരിട്ടി: ഇരിട്ടി വള്ളിയാട് സാമൂഹ്യ വനവല്‍ക്കരണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സഞ്ജീവനി ഔഷധപാര്‍ക്കിലെ ഒരു ചന്ദനമരംകൂടി മുറിച്ചു കടത്തി. ഇന്നലെ രാവിലെയോടെയാണ് ഇത് ശ്രദ്ധയില്‍പ്പെടുന്നത്. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔഷധോദ്യാനത്തില്‍വച്ചുപിടിപ്പിച്ച ചന്ദനമരമാണ് മണ്ണ് കിളച്ചുമാറ്റി പിഴുതെടുത്ത ശേഷം ഒരാള്‍ പൊക്കത്തിലുള്ള മരത്തിന്റെ അടിഭാഗം മുറിച്ചു കൊണ്ടുപോയ നിലയില്‍ കാണപ്പെട്ടത്. മരത്തിന്റെ മുകള്‍ഭാഗം ഇവിടെ തന്നെ ഉപക്ഷിക്കപ്പെട്ട നിലയിലാണുള്ളത്. വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്‍പും ഇവിടെ നിന്നും ഇതുപോലുള്ള വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചുകടത്തിയിട്ടുണ്ട്.
പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പഴശ്ശി പദ്ധതിയുടെ അധീനതയില്‍ പെട്ട ഈ സ്ഥലം വനം വകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന് ഔഷധത്തോട്ട നിര്‍മ്മാണത്തിനായി വിട്ടു നല്‍കിയത്. പദ്ധതിയില്‍ എത്ര ജലം ഉയര്‍ത്തിയാലും വെള്ളം കയറാത്ത 8 ഏക്കറോളം വരുന്ന സ്ഥലമാണ് ഇതിനായി വിട്ടുനല്‍കിയത് ഇതില്‍ നാല് ഏക്കറോളം സ്ഥലത്താണ് വിവിധ ഇനങ്ങളില്‍പ്പെട്ട നൂറുകണക്കിന് ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിച്ചത്. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഈ മനോഹര ഉദ്യാനം പൂര്‍ണ്ണതയില്‍ എത്തുന്നതിനു മുന്‍പേ നിര്‍ത്തി വെക്കുകയും പരിചരണമില്ലാതെ അപൂര്‍വ ഇനങ്ങളില്‍ പ്പെട്ട ഔഷധസസ്യങ്ങളും മരങ്ങളും കാടുകയറിയും കന്നുകാലികള്‍ ഭക്ഷണമാക്കിയും സാമൂഹ്യ വിരുദ്ധരാല്‍ നശിപ്പിക്കപ്പെട്ടും മറ്റും നാമാവശേഷ മാവുകയായിരുന്നു.
ഇതേ സ്ഥലത്ത് നിന്നും വിലപിടിപ്പുള്ള ചന്ദനം, രക്ത ചന്ദനം, കരിങ്ങാലി തുടങ്ങിയ മരങ്ങള്‍ മുന്‍പും മുറിച്ചു കടത്തിയിട്ടുണ്ട്. ഗവേഷണ വിദ്യാര്‍ഥികള്‍ക്കും മറ്റും ഏറെ മുതല്‍കൂട്ടാവുമെന്ന് കരുതിയിരുന്ന ഈ മനോഹര ഭൂവിലെ ഉദ്യാനം ഇപ്പോഴും സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. അതേസമയം ഈ ഔഷധോദ്യാനം സംരക്ഷിക്കണമെന്നും തന്തോട് തുടങ്ങുമെന്ന് പറയുന്ന വിവാദമായ ഡിടിപിസിയുടെ ടൂറിസം പാര്‍ക്ക് ഇവിടേയ്‌ക്ക് മാറ്റി സ്ഥാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയ ഔഷധ പാര്‍ക്ക് ബിജെപി ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ശിവശങ്കരന്‍, ജനറല്‍ സിക്രട്ടറി കെ.ജയപ്രകാശ്, മണ്ഡലം ജനറല്‍സെക്രട്ടറി പി.സജിത്ത് എന്നിവരടങ്ങിയ സംഘം സന്ദര്‍ശിച്ചു. ഔഷധത്തോട്ടം എത്രയും പെട്ടെന്ന് പുനര്‍ നിര്‍മ്മിക്കണമെന്നും തന്തോട് ഡിടിപിസി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ടൂറിസം പാര്‍ക്ക് ഇവിടേയ്‌ക്ക് മാറ്റി സ്ഥാപിക്കുവാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ഇവിടെനിന്നും ചന്ദനം പോലുള്ള മരങ്ങള്‍ മുറിച്ചുകടത്തുന്നവരെ കണ്ടെത്തണമെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
















