ന്യൂദല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഈ വര്‍ഷത്തെ ബിസിസിഐയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്. വനിതാ വിഭാഗത്തില്‍ മിതാലി രാജിനാണ് ബഹുമതി. അഞ്ചിന് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
ഈ വര്‍ഷം തുടക്കത്തില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ എം.എസ്. ധോണി ടെസ്റ്റ് നായക പദവി ഒഴിഞ്ഞപ്പോഴാണ് വിരാട് നായകനായത്. ഈ വര്‍ഷം 15 ടെസ്റ്റില്‍ 42.67 ശരാശരിയില്‍ 640 റണ്‍സെടുത്തു വിരാട്. നാലു വര്‍ഷത്തിനു ശേഷം വിദേശത്ത് ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത് വിരാടിന്റെ നേതൃത്വത്തില്‍ ലങ്കയില്‍. ലങ്കന്‍ മണ്ണില്‍ 22 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്. ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീം ദക്ഷിണാഫ്രിക്ക ഒമ്പത് വര്‍ഷത്തിനു ശേഷം വിദേശ മണ്ണില്‍ ടെസ്റ്റ് തോല്‍ക്കുന്നത് വിരാടിന്റെ ഇന്ത്യയ്‌ക്കെതിരെ.
വനിതകളിലെ സൂപ്പര്‍ താരമായ മിതാലി രാജ് ഏകദിനത്തില്‍ 5,000 റണ്‍ തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ്. കേണല്‍ സി.കെ. നായിഡുവിന്റെ പേരിലുള്ള ആജീവനാന്ത നേട്ടത്തിനുള്ള അവാര്‍ഡ് സയ്യിദ് കിര്‍മാനിക്ക് സമ്മാനിക്കും. രഞ്ജി ട്രോഫിയില്‍ കൂടുതല്‍ റണ്‍ നേടിയതിനുള്ള പുരസ്‌കാരം കര്‍ണാടകയുടെ മലയാളി താരം റോബിന്‍ ഉത്തപ്പയ്‌ക്ക്. 11 കളികളില്‍ 912 റണ്‍ നേടി ഉത്തപ്പ. വിക്കറ്റ് വേട്ടക്കാര്‍ കര്‍ണാടകയുടെ വിനയ് കുമാറും മുംബൈയുടെ ഷര്‍ദുല്‍ താക്കൂറും, 48 വിക്കറ്റ് വീതം.
വിജയ് ഹസാരെ, രഞ്ജി ട്രോഫി കിരീടങ്ങള്‍ സ്വന്തമാക്കിയ കര്‍ണാടക മികച്ച അസോസിയേഷനുള്ള പുരസ്‌കാരം സ്വന്തമാക്കി.
















