മാഡ്രിഡ്: ബാഴ്‌സലോണയ്‌ക്കും മാഡ്രിഡിനും തകര്‍പ്പന്‍ പുതുവത്സരാഘോഷമൊരുക്കി നഗര ടീമുകള്‍. ലീഗിലെ വര്‍ഷാവസാനത്തെ മത്സരങ്ങളില്‍ ചാമ്പ്യന്മാര്‍ ബാഴ്‌സലോണ, മാഡ്രിഡിലെ കരുത്തര്‍ റയല്‍ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ് ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം. ബാഴ്‌സലോണ മടക്കമില്ലാത്ത നാലു ഗോളിന് റയല്‍ ബെറ്റിസിനെ തുരത്തിയപ്പോള്‍, റയല്‍ മാഡ്രിഡ് 3-1ന് റയല്‍ സോസിഡാഡിനെയും, അത്‌ലറ്റികോ മാഡ്രിഡ് 2-0ന് റയൊ വല്ലെക്കാനോയെയും കീഴടക്കി.
ബാഴ്‌സയ്‌ക്കായി അഞ്ഞൂറാം മത്സരത്തിനിറങ്ങിയ ലയണല്‍ മെസിക്ക് തകര്‍പ്പന്‍ ജയത്തോടെ സമ്മാനം നല്‍കി ടീം. നൗകാംപില്‍ ലൂയി സുവാരസിന്റെ ഇരട്ട ഗോളുകളാണ് കറ്റാലന്മാരെ മിന്നും ജയത്തിലേക്കു നയിച്ചത്. 29ാം മിനിറ്റില്‍ വെസ്റ്റെമന്നിന്റെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ബാഴ്‌സയ്‌ക്കായി 33ാം മിനിറ്റില്‍ മെസി ലീഡുയര്‍ത്തി. ബോക്‌സില്‍ നെയ്‌മറുടെ ബാക്ക് പാസ് വലയിലേക്ക് തൊടുത്ത് കരിയറിലെ 425ാം ഗോളാണ് മെസി സ്വന്തമാക്കിയത്. രണ്ടാം പകുതി ലൂയി സുവാരസിന്റേതായിരുന്നു. 46, 83 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട് സുവാരസ് ചാമ്പ്യന്മാര്‍ക്ക് വന്‍ ജയമൊരുക്കി. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ഗോള്‍ നേടുന്ന ടീമെന്ന ബഹുമതിയും ബാഴ്‌സയ്‌ക്ക്. ഈ വര്‍ഷം 180 ഗോള്‍ നേടിയ ബാഴ്‌സലോണ ബദ്ധവൈരികള്‍ റയല്‍ മാഡ്രിഡിന്റെ 178 എന്ന റെക്കോഡ് മറികടന്നു.
സാന്റിയാഗോ ബെര്‍ണാബുവില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ ഇരട്ട ഗോളുകളാണ് റയലിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. ആദ്യ പകുതി അവസാനിക്കാന്‍ മൂന്നു മിനിറ്റ് ശേഷിക്കെ പെനല്‍റ്റിയിലൂടെ ലക്ഷ്യം കണ്ട ക്രിസ്റ്റ്യാനൊ 67ാം മിനിറ്റിലും ഗോള്‍ നേടി. മൈതാനത്തിന്റെ ഇടതു പാര്‍ശ്വത്തില്‍നിന്ന് ബോക്‌സിനു മുന്നിലായി പറന്നെത്തിയ പന്ത് നിലംതൊടുംമുന്‍പെ ക്രിസ്റ്റ്യാനൊ വലയിലേക്ക് തൊടുത്തു. കളിയവസാനിക്കാന്‍ നാലു മിനിറ്റ് ശേഷിക്കെ ലൂക്കാസ് വാസ്‌ക്വെസ് റയലിന്റെ പട്ടിക പൂര്‍ത്തിയാക്കി. ബ്രുമ സോസിഡാഡിന്റെ ആശ്വാസം. എവേ മത്സരത്തില്‍ കളിയവസാനിക്കാന്‍ രണ്ടു മിനിറ്റ് ശേഷിക്കെ നേടിയ രണ്ടു ഗോളുകളാണ് അത്‌ലറ്റികോ മാഡ്രിഡിന് റയൊ വല്ലെക്കാനോയ്‌ക്കെതിരെ ജയം സമ്മാനിച്ചത്. 88ാം മിനിറ്റില്‍ ഏഞ്ചല്‍ കൊറെയ ആദ്യം ലക്ഷ്യം കണ്ടു. രണ്ട് മിനിറ്റിനു ശേഷം ആന്റണി ഗ്രീസ്മന്നും വലയില്‍ പന്തെത്തിച്ചതോടെ അത്‌ലറ്റികോയ്‌ക്ക് അപ്രതീക്ഷിത ജയം.
മറ്റൊരു കളിയില്‍ സെവിയ്യ മടക്കമില്ലാത്ത രണ്ടു ഗോളിന് എസ്പാന്യോളിനെ കീഴടക്കി. ഐബര്‍ ഇതേ സ്‌കോറിന് സ്‌പോര്‍ട്ടിങ് ഗിജോണിയും തോല്‍പ്പിച്ചു. മലാഗ എതിരില്ലാത്ത ഒരു ഗോളിന് ലെവന്റയെയും കീഴടക്കി. ലാസ് പല്‍മാസ് 4-1ന് ഗ്രനഡയെയും അത്‌ലറ്റിക് ക്ലബ് 1-0ന് സെല്‍റ്റ ഡി വിഗൊയെയും വീഴ്‌ത്തി.
പതിനാറ് കളികളില്‍ 38 പോയിന്റുമായി ബാഴ്‌സലോണ ലീഗില്‍ ഒന്നാമത് തുടരുന്നു. അത്‌ലറ്റികോയ്‌ക്കും 38 പോയിന്റെങ്കിലും ഒരു മത്സരം കൂടുതല്‍ കളിച്ച ടീം രണ്ടാമത്. റയല്‍ മൂന്നാമത്.
















