കണ്ണൂര്‍ : പെന്റാവാക്‌സിന്റെ ഉപയോഗം കുട്ടികളില്‍ ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് അനേ്വഷിക്കാന്‍ ഉന്നതതല വിദഗ്‌ദ്ധസമിതിയെ നിയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സമിതി വിശദമായ പഠനം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ടില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. കണ്ണൂര്‍ പൂഴാതി ഹൗസിംഗ് കോളനിയില്‍ കെ.സുകുമാരന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന്റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് കുഞ്ഞിമംഗലം പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നും 2013 ഏപ്രില്‍ 3 ന് ആദ്യ പെന്റാവാക്‌സിന്‍ കുത്തിവയ്‌പ്പ് എടുത്തിരുന്നു. മേയ് 8 ന് രണ്ടാമത്തെ കുത്തിവെയ്‌പ്പുമെടുത്തു. പനി വന്നതിനെ തുടര്‍ന്ന് മേയ് 17 ന് കുഞ്ഞിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ കാണിച്ചു. അവര്‍ എണാകുളം അമൃത ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. മേയ് 25 ന് കുഞ്ഞ് മരിച്ചു. കുഞ്ഞ് മരിച്ചത് ബ്രയിന്‍ട്യൂമര്‍ കാരണമാണെന്ന് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. മേയ് 8 ന് 59 കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്തിരുന്നു. 58 പേര്‍ക്കും ഒന്നും സംഭവിച്ചില്ല. എയിംസില്‍ ശിശുരോഗ വിദഗ്‌ദ്ധനായിരുന്ന ഡോ. യോഗേശ് ജയിന്‍ പെന്റാവാക്‌സിന്‍ സംബന്ധിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസായിരുന്ന പി.സദാശിവവും ജസ്റ്റിസ് രഞ്ജന്‍ ദേശായിയും നടത്തിയ പ്രാരംഭ നിരീക്ഷണങ്ങള്‍ പരാതിക്കാരന്‍ കമ്മീഷനില്‍ ഹാജരാക്കി. കേരളത്തില്‍ വാക്‌സിന്‍ സംബന്ധിച്ച പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സാധാരണ പൗരന് ഉണ്ടാകുന്ന സംശയങ്ങള്‍ ശാസ്ത്രീയമായി ദൂരീകരിക്കേണ്ട ബാധ്യത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്ന് കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ശിശുക്കളെ പരീക്ഷണ വസ്തുക്കളാക്കരുത്. പ്രതിരോധ കുത്തിവയ്‌പ്പുകള്‍ എടുക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിയമാനുസൃത നിര്‍ദ്ദേശം നല്‍കണം. 2013 ഒക്‌ടോബറില്‍ ലഭിച്ച പരാതിക്ക് 2014 ഫെബ്രുവരിയിലാണ് ആരോഗ്യസെക്രട്ടറി വിശദീകരണം സമര്‍പ്പിച്ചതെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. കുഞ്ഞിന്റെ മരണം സുപ്രീംകോടതിയില്‍ റിട്ട് പെറ്റീഷനായി പരിഗണനയിലുള്ളതിനാല്‍ വിഷയത്തില്‍ കമ്മീഷന്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്നും ഉത്തരവില്‍ പറഞ്ഞു.
















