പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിന്റെയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ന്യൂകാസില്‍ യുണൈറ്റഡിന്റെയും ഗോളിയായിരുന്ന പാവെല്‍ സര്‍നിസെക്ക് (47) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പാവെലിന്റെ അന്ത്യവാര്‍ത്ത ബുധനാഴ്ചയാണ് അദ്ദേഹത്തിന്റെ ഏജന്റ് പുറത്തുവിട്ടത്. ഡിസംബര്‍ 20ന് വ്യായാമത്തിനിടെയാണ് പാവെല്‍ കുഴഞ്ഞുവീണത്.
1990 മുതല്‍ 2007 വരെ ഗോള്‍വലയ്‌ക്കു മുന്നില്‍ സജീവമായി നിലയുറപ്പിച്ച താരമായിരുന്നു പാവെല്‍ സര്‍നിസെക്ക്. ന്യൂകാസില്‍ യുണൈറ്റഡിന്റെ ഗോള്‍വല കാത്താണ് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.
1991 മുതല്‍ 1998 വരെയും 2006-07 സീസണിലുമായി 150ലധികം മത്സരങ്ങളില്‍ ന്യൂകാസിലിന്റെ വല കാത്തു പാവെല്‍. ഷെഫീല്‍ഡ്, പോര്‍ട്‌സ്മൗത്ത്, വെസ്റ്റ്ഹാം തുടങ്ങിയ ക്ലബ്ബുകള്‍ക്കു വേണ്ടിയും ഗ്ലൗ അണിഞ്ഞു. 1994 മുതല്‍ 2001 വരെ 49 കളികളില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കോട്ട കാത്തു. 1996 യൂറോ കപ്പില്‍ ചെക്ക് റണ്ണറപ്പായപ്പോഴും, 1997 ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയപ്പോഴും ഒന്നാം നമ്പര്‍ ഗോളിയായിരുന്നു പാവെല്‍. 2002 ലോകകപ്പിന് യോഗ്യത നേടുന്നതില്‍ ചെക്ക് റിപ്പബ്ലിക്ക് പരാജയപ്പെട്ടതോടെ അന്താരാഷ്‌ട്ര ഫുട്‌ബോളിനോട് വിട പറഞ്ഞു. പിന്നീട് 2007 വരെ ക്ലബ് ഫുട്‌ബോളില്‍ തുടര്‍ന്ന ശേഷം ഗോള്‍ കീപ്പിങ് പരിശീലകനായി. 2006-2007ല്‍ ന്യൂകാസിലിലാണ് അവസാനം കളിച്ചത്. നിലവില്‍ സ്പാര്‍ട്ട പ്രാഗിന്റെ പരിശീലക സംഘത്തില്‍ അംഗമാണ്.
സാധാരണക്കാരന്റെ മകനായി 1968 മാര്‍ച്ച് പത്തിന് ഒസ്ട്രാവയില്‍ ജനിച്ച പാവെല്‍, ചെക്ക് സൈന്യത്തില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഫുട്‌ബോളിലേക്കു തിരിഞ്ഞത്. ചെക്ക് ക്ലബ് ബാനിക്ക് ഒസ്ട്രാവയിലൂടെയാണ് കളി തുടങ്ങുന്നത്. പാവെല്‍ ഈസ് ഗോര്‍ഡി എന്നൊരു ആത്മകഥയും താരം എഴുതിയിട്ടുണ്ട്.
















