ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലു മത്സര ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ കളിയില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. അവസാന ദിവസം രണ്ടാമിന്നിങ്‌സില്‍ ആതിഥേയരെ 174 റണ്ണിനു പുറത്താക്കി 241 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ആദ്യ ഇന്നിങ്‌സില്‍ നാലും രണ്ടാമത്തേതില്‍ മൂന്നും അടക്കം ഏഴു വിക്കറ്റ് പിഴുത ഓഫ് സ്പിന്നര്‍ മോയീന്‍ അലി കളിയിലെ താരം.സ്‌കോര്‍: ഇംഗ്ലണ്ട് – 303, 326, ദക്ഷിണാഫ്രിക്ക – 214, 174.
ഇന്ത്യന്‍ പിച്ചുകളില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയ്‌ക്ക് സ്വന്തം നാട്ടിലും താളം കണ്ടെത്താനായില്ല. സമീപകാലത്ത് കളിച്ച അഞ്ചു ടെസ്റ്റുകളില്‍ നാലാം തോല്‍വിയാണ് ലോക ഒന്നാം നമ്പര്‍ ടീമിന് നേരിട്ടത്. ഇന്ത്യയില്‍ നാലു ടെസ്റ്റില്‍ മൂന്നും തോറ്റു. ഒന്നില്‍ മഴയുടെ കാരുണ്യം കൊണ്ട് സമനിലയുമായി രക്ഷപ്പെട്ടു. ഇന്ത്യയില്‍ പിച്ചുകളെ പഴിപറഞ്ഞ് രക്ഷപ്പെട്ട അവര്‍ക്ക് സ്വന്തം നാട്ടില്‍ അതിനുമാകില്ല. 416 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്‌ക്ക് പൊരുതാന്‍ പോലുമായില്ല.
നാല് വിക്കറ്റ് നഷ്ടത്തില്‍ 136 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് തുടര്‍ന്ന ആതിഥേയര്‍ 24 ഓവറില്‍ 38 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടപ്പെടുത്തി തോല്‍വിയേറ്റുവാങ്ങി. 26 റണ്‍സുമായി ജെ.പി. ഡുമിനി പുറത്താകാതെ നിന്നു. 40 റണ്‍സെടുത്ത ഡീന്‍ എല്‍ഗാര്‍ ടോപ് സ്‌കോറര്‍. എ.ബി. ഡിവില്ലേഴ്‌സ് (37), സ്റ്റിയാന്‍ വാന്‍ സില്‍ (33), ഹാഷിം അംല (12) എന്നിവരും രണ്ടക്കം കണ്ടു. നായകന്‍ കൂടിയായ ഹാഷിം അംലയുടെ ഫോമില്ലായ്‌മയാണ് ദക്ഷിണാഫ്രിക്കയെ ഏറെ പ്രതിസന്ധിയിലാക്കുന്നത്.
പതിനഞ്ചോവറില്‍ 42 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത സ്റ്റീവന്‍ ഫിന്‍ മുന്‍നിരയെ തകര്‍ത്തപ്പോള്‍, 16 ഓവറില്‍ 47 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് പിഴുത മോയീന്‍ അലി മധ്യനിരയെയും കൂടാരം കയറ്റി. സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. രണ്ടാം ടെസ്റ്റ് ജനുവരി രണ്ടു മുതല്‍ കേപ് ടൗണില്‍.
















