കണ്ണൂര്‍: ചാവശ്ശേരി മണ്ണോറയിലെ സിപിഎം കേന്ദ്രത്തില്‍ നിന്ന് വന്‍ ആയുധ ശേഖരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത വസ്തുതക്ക് നിരക്കാത്തതാണെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ് പ്രസ്താവനയില്‍ പറഞ്ഞു. വാര്‍ത്ത സത്യസന്ധമാണെങ്കില്‍ ആയുധ ശേഖരത്തിനും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദി സിപിഎമ്മാണ്. കാരണം ഈ പ്രദേശം സിപിഎം സ്വാധീന കേന്ദ്രമാണ്. സ്ഥിരമായി സിപിഎം ക്രിമിനല്‍ സംഘം ഒത്തുകൂടുന്ന പ്രദേശമാണ് മണ്ണോറ. സന്ധ്യ മയങ്ങിയാല്‍ ഈ പ്രദേശത്ത് കൂടി ആര്‍ക്കെങ്കിലും കടന്ന് പോകണമെങ്കില്‍ ഇവിടെയുള്ള സിപിഎം ക്രിമിനല്‍ സംഘത്തിന്റെ അനുവാദം വേണം. ഇവിടെ നിന്ന് പോലീസ് ആയുധങ്ങള്‍ പിടികൂടിയതിലുള്ള ജാള്യത മറച്ചുവെക്കാനാണ് സിപിഎം നേതൃത്വം ബോധപൂര്‍വ്വം ദേശാഭിമാനിയിലൂടെ വാര്‍ത്ത പടച്ച് വിടുന്നത്. മട്ടന്നൂര്‍ ടൗണിലാണ് ആര്‍എസ്എസിന്റെ കാര്യാലയം പ്രവര്‍ത്തിക്കുന്നത്. ഏതു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും എപ്പോഴും കയറിച്ചെല്ലാവുന്നതാണ് ആര്‍എസ്എസ് കാര്യാലയമെന്ന് പ്രദേശവാസികള്‍ക്ക് അറിയാവുന്നതാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ കള്ള വാര്‍ത്ത പ്രചരിപ്പിക്കുകയെന്ന സിപിഎം നയത്തിന്റെ ഭാഗമാണ് നിരന്തരമായി വരുന്ന വ്യാജവാര്‍ത്തകള്‍. സിപിഎം ക്രിമിനല്‍ സംഘത്തെ സംരക്ഷിക്കാന്‍ പാര്‍ട്ടി പത്രം നടത്തുന്ന ബോധപൂര്‍വ്വമായ കുപ്രചരണങ്ങളെ ജനങ്ങള്‍ തള്ളിക്കളയണമെന്നും പ്രമോദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















