ഓര്‍ക്കാട്ടേരി: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും സഹമാധ്യമവിഭാഗങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിയോട് അനുബന്ധിച്ച് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാംപും നേത്രപരിശോധനയും സംഘടിപ്പിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ദേശീയ ഗ്രാമീണാരോഗ്യ ദൗത്യത്തിന്റെയും സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചത്.
കോഴിക്കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി, വടകര ജില്ലാ ആശുപത്രി, എന്നിവിടങ്ങളിലെ നേത്രരോഗ വിദഗ്ധരുടെയും ആയുര്‍വേദ ഡോക്ടര്‍മാരുടെയും നേതൃത്വത്തിലുള്ള സംഘം രോഗികളെ പരിശോധിച്ചു. നാനൂറോളം പേര്‍ നേത്ര പരിശോധനയ്‌ക്കും മൂന്നൂറ്റിയന്‍പതോളം പേര്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാംപിനും പങ്കെടുക്കാനെത്തി. സൗജന്യ ഔഷധ വിതരണവും ഇതോടനുബന്ധിച്ചു നടന്നു. ഉച്ചയ്‌ക്കു ശേഷം ‘പോഷകാഹാരം:സുരക്ഷിതഭക്ഷണം’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മഞ്ചേരി യൂണിറ്റി വിമന്‍സ് കോളജിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. ആനി നൈനാന്‍ മുഖ്യപ്രഭാഷണം നടത്തി.
പൊതുജന സമ്പര്‍ക്ക പരിപാടി ഇന്ന് സമാപിക്കും. സമാപന ദിവസം രണ്ടു വയസ്സിനും അഞ്ചു വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കായി ആരോഗ്യശിശു മത്സരം, വനിതാ ശാക്തീകരണ സെമിനാര്‍, അങ്കണവാടി-കുടുംബ ശ്രീ പ്രവര്‍ത്തകര്‍ക്കായി പ്രശ്‌നോത്തരി എന്നിവ നടക്കും. കണ്ണൂര്‍ റേഞ്ച് ഡിഐജി ദിനേന്ദ്ര കശ്യപ് സമാപനസമ്മേളനത്തില്‍ വിശിഷ്ടാതിഥിയാകും.
















