കൊല്ലം: ഇക്കുറിയും കൊല്ലം ശ്രീനാരായണ കോളേജിലെ പൊളിറ്റിക്‌സ് വിഭാഗത്തിന് കേരള യൂണിവേഴ്‌സിറ്റിയുടെ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ സ്വന്തം. 2014-15 വര്‍ഷ ബിരുദാനന്തര ബിരുദ ഫലപ്രഖ്യാപനം വന്നപ്പോള്‍ വിദ്യാര്‍ത്ഥിനികളായ വൈ.അശ്വതി, എ.പൂജ, എം.അര്‍ച്ചന എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. ആദ്യ പന്ത്രണ്ട് റാങ്കുകളില്‍ അഞ്ചാം റാങ്ക് ഒഴിച്ച് മറ്റെല്ലാ റാങ്കുകളും സ്വന്തം കോളേജിന് ലഭിച്ചതില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഏറെ സന്തുഷ്ടരാണ്. ചിട്ടയായ പഠനവും കൃത്യതയാര്‍ന്ന അധ്യാപനവുമാണ് തങ്ങള്‍ക്ക് റാങ്ക് നേടി തന്നതെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. താല്‍പര്യങ്ങളിലെ സമാനതകള്‍ കൊണ്ടും ഇവര്‍ ഒരേ പാതയിലാണ്. മനുഷ്യപക്ഷത്ത് നിന്നുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവുമാണ് മൂന്ന് റാങ്ക് ജേതാക്കളുടെയും ഭാവിതാല്‍പര്യങ്ങളില്‍ പ്രധാനം. ഒപ്പം സിവില്‍ സര്‍വ്വീസും അധ്യാപകവൃത്തിയും തങ്ങളുടെ ചിന്തകളിലുണ്ടെന്ന് അവര്‍ പറയുന്നു. പഠനമികവിനൊപ്പം കേരള യൂണിവേഴ്‌സിറ്റിക്കു കീഴിലെ കോളേജുകളില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ എക്‌സ്റ്റെന്‍ഷന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന പഠനവിഭാഗം എന്ന നിലയിലും എസ്.എന്‍.കോളേജിലെ പൊളിറ്റിക്‌സ് വിഭാഗം സമീപകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
















