ക്രൈസ്റ്റ്ചര്‍ച്ച്: ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് മിന്നുന്ന വിജയം. പത്ത് വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 27.4 ഓവറില്‍ വെറും 117 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 8.2 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 118 റണ്‍സെടുത്താണ് ഗംഭീര വിജയം കരസ്ഥമാക്കിയത്.
30 പന്തുകളില്‍ നിന്ന് 9 ഫോറും എട്ട് സിക്‌സറുമടക്കം പുറത്താകാതെ 93 റണ്‍സെടുത്ത കിവി ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ആതിഥേയര്‍ക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്. 17 റണ്‍സുമായി ടോം ലാഥം ഗുപ്റ്റലിനൊപ്പം പുറത്താകാതെ നിന്നു. വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 2-0ന് മുന്നിലെത്തി. ശ്രീലങ്കക്ക് വേണ്ടി വാന്‍ഡര്‍സെ അരങ്ങേറ്റം കുറിച്ചു.
ന്യൂസിലാന്‍ഡ് താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ചുറിയും ഇനി ഗുപ്റ്റിലിന്റെ പേരിലായി. 17 പന്തില്‍ നിന്ന് 5 ഫോറും നാല് സിക്‌സറുമടക്കമാണ് ഗുപ്റ്റില്‍ അര്‍ദ്ധശതകത്തിലെത്തിയത്. 16 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്‌സിന്റെ പേരിലാണ് ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ചുറി. 17 പന്തുകളില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി നേടിയ ശ്രീലങ്കയുടെ സനത് ജയസൂര്യക്കും കുശല്‍ പെരേരക്കുമൊപ്പമാണ് ഇപ്പോള്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍. ഗുപ്റ്റിലാണ് മാന്‍ ഓഫ് ദി മാച്ച്. ചമീര എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ ഗുപ്റ്റിലിനെ പിടികൂടാനുള്ള അവസരം സിരിവര്‍ദ്ധനെ വിട്ടുകളഞ്ഞിരുന്നു. ഈ അവസരം മുതലെടുത്താണ് പിന്നീട് ഗുപ്റ്റില്‍ ലങ്കന്‍ ബൗളര്‍മാര്‍ക്കുമേല്‍ താണ്ഡവമാടിയത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 152 പന്തുകളില്‍ 200 റണ്‍സ് നേടി ഡബിള്‍ ഞ്ചെുറി നേടിയവരുടെ പട്ടികയിലും ഗുപ്റ്റില്‍ ഇടംപിടിച്ചിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക, കിവീസിന്റെ തീപാറുന്ന പേസ് ബൗളിംഗിനു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. എട്ടാമനായി ക്രീസിലെത്തി 19 റണ്‍സെടുത്ത കുലശേഖരയാണ് ലങ്കന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. ഗുണതിലക, ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് എന്നിവര്‍ 17 റണ്‍സ് വീതവും സിരിവര്‍ദ്ധനെ, കപുഗേദര എന്നിവര്‍ 12 റണ്‍സ് വീതവും നേടിയതൊഴിച്ചാല്‍ മറ്റുള്ളവരെല്ലാം ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. കിവികള്‍ക്കുവേണ്ടി മാറ്റ് ഹെന്റി നാലും മിച്ചല്‍ മക്ലനാഗന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.
















