ദുബായ്: ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ കളിക്കാരനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം. എന്നാല്‍ തന്റെ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ ടീമാണെന്നും മെസ്സി പറഞ്ഞു.
കളിക്കുമ്പോഴെല്ലാം ജയിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച നിമിഷത്തെ തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. ഇതൊരു അസാധാരണ വര്‍ഷമായിരുന്നെന്നും പുരസ്‌കാര ചടങ്ങില്‍ മെസി പറഞ്ഞു.
മികച്ച ക്ലബ്ബിനുള്ള പുരസ്‌കാരം ലാ ലീഗ, ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായ സ്പാനിഷ് ക്ലബ് ബാഴ്‌സലോണ നേടിയപ്പോള്‍ മികച്ച ക്ലബ് പ്രസിഡന്റിനുള്ള ബഹുമതി ബാഴ്‌സയുടെ തന്നെ ജോസഫ് മരിയ ബാര്‍ടോമ്യു സ്വന്തമാക്കി. ബെല്‍ജിയം ദേശീയ പരിശീലകന്‍ മാര്‍ക്ക് വില്‍മോട്ട്‌സിനാണ് ഏറ്റവും മികച്ച കോച്ചിനുള്ള അവാര്‍ഡ്. ഉസ്ബക്കിസ്ഥാന്‍കാരനായ റവ്ഷാന്‍ ഇര്‍മറ്റോവ് ഏറ്റവും മികച്ച റഫറിയായും തെരഞ്ഞെടുക്കപ്പെട്ടു.
ഫുട്‌ബോളിനു നല്‍കിയ മികച്ച സംഭവ പരിഗണിച്ച് മധ്യനിര താരങ്ങളായ ഇറ്റലിയുടെ ആന്ദ്രേ പിര്‍ലോ, ഇംഗ്ലണ്ടിന്റെ ഫ്രാങ്ക് ലാംപാര്‍ഡ് എന്നിവര്‍ക്ക് പ്ലയര്‍ കരിയര്‍ അവാര്‍ഡും സമ്മാനിച്ചു.
















