തളിപ്പറമ്പ്: പര്‍ദ്ദക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതിന്റെ പേരില്‍ തളിപ്പറമ്പില്‍ സ്റ്റുഡിയോ കത്തിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതുമായി ബന്ധപ്പെട്ട് മുസ്ലീം മതതീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട പത്തോളം പേരെ പോലീസ് ചോദ്യം ചെയ്തു. നിരീക്ഷണ ക്യാമറ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചതായാണ് സൂചന. റഫീഖ് പുളിപ്പറമ്പിന്റെ ഉടമസ്ഥതയിലുള്ള ഒബ്‌സ്‌ക്യൂറ എന്ന സ്റ്റുഡിയോ ആണ് കഴിഞ്ഞ ദിവസം ഒരുപറ്റം മുസ്ലീം മതഭ്രാന്തന്‍മാര്‍ പെട്രോള്‍ ഒഴിച്ച് തീവെച്ച് നശിപ്പിച്ചത്. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലുമുള്ളവരെയാണ് പോലീസ് ചോദ്യംചെയ്തത്. ഇതില്‍ ഏതാനും പേര്‍ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. പര്‍ദ്ദയെ ഇസ്ലാമിന്റെ ചിഹ്നമായി കാണുന്നവരുടെ മുന്നില്‍ അതിനെ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ ആശയപരമായി പ്രതിരോധിക്കാന്‍ അവകാശമുള്ളതുകൊണ്ടാണ് തങ്ങള്‍ ഫേസ്ബുക്കിലും മറ്റും ഇതിനെതിരെ പ്രതികരിച്ചതെന്നാണ് ചോദ്യംചെയ്ത ചിലരില്‍ നിന്ന് കിട്ടിയ മറുപടി. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ തെളിവുകളിലൂടെ പ്രതികളെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.
നഗരസഭാ ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു സ്റ്റൂഡിയോ പ്രവര്‍ത്തിച്ചുവരുന്നത്. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജിലുണ്ടായിരുന്ന നിരീക്ഷണ ക്യാമറയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
















