പാനൂര്‍: സമംഗളം സരയൂവിലേക്ക്. വടക്കെപൊയിലൂര്‍ ശിവജിപുരത്തെ സരയൂ എന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങ് ഇന്നലെ രാവിലെ ആര്‍എസ്എസ് പ്രാന്തസേവാപ്രമുഖ് എ.വിനോദ് നിര്‍വ്വഹിച്ചതോടെ ചെറുപറമ്പിലെ പുത്തന്‍പുരയില്‍ കല്ലിബാലനും കുടുംബത്തിനും അത് സ്‌നേഹതണലായി മാറി. ചെറുപറമ്പ് ശാഖാസ്വയംസേവകനായിരുന്ന ബാലന്‍ രാഷ്‌ട്രീയ വൈരാഗ്യത്താല്‍ കേസില്‍ പ്രതിയാക്കപ്പെട്ട് വര്‍ഷങ്ങളായി ശിക്ഷാതടവുകാരനായി നീതിനിഷേധിക്കപ്പെട്ട് കഴിയുകയാണ്. ജീവിതത്തിന്റെ നല്ലൊരുഭാഗം പ്രസ്ഥാനത്തിനായി ഹോമിച്ച ഈ സ്വയംസേവകനു വേണ്ടി സഹപ്രവര്‍ത്തകര്‍ കണ്ണൂരിലെ സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പൂര്‍ണ്ണസഹായത്തോടെ സ്‌നേഹത്തണലൊരുക്കുകയായിരുന്നു. 8 സെന്റ് സ്ഥലം വാങ്ങി കൈമാറിയതിനു ശേഷം ട്രസ്റ്റ് അധികൃതര്‍ നിര്‍മ്മാണത്തിന്് സഹായം നല്‍കുകയായിരുന്നു. ഒരുപാട് പ്രതിസന്ധികള്‍ക്കിടയിലും ഉദാത്തമായ സേവനമാതൃക നടപ്പാക്കിയ സ്വയംസേവകര്‍ക്ക് ഏറെ അഭിമാനിക്കാവുന്ന മുഹൂര്‍ത്തമായിരുന്നു ഇന്നലെ. ആര്‍എസ്എസ് വിഭാഗ് സംഘചാലക് കൊളക്കാട്ട് ചന്ദ്രശേഖരന്‍ ദീപ പ്രേജ്ജ്വലനം നടത്തി ബാലന്റെ സഹധര്‍മ്മിണിക്ക് നിലവിളക്കു കൈമാറി. അതിനു ശേഷം വീടിന്റെ താക്കോല്‍ പ്രാന്തസേവാ പ്രമുഖ് എ.വിനോദ് ബാലനു നല്‍കുന്നത്. സ്ഥലത്തിന്റെ ആധാരവും കൈമാറി. നിര്‍ധനര്‍ക്കും നിരാലംബര്‍ക്കുമായി ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സംഘം തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ വിവിധ ട്രസ്റ്റുകളുടെ കീഴില്‍ നടപ്പിലാക്കുന്നതെന്ന് താക്കോല്‍ദാന ചടങ്ങില്‍ എ.വിനോദ് പറഞ്ഞു. താലൂക്ക് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍, സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം രവീന്ദ്രനാഥ് ചേലേരി എന്നിവര്‍ സംസാരിച്ചു. താലൂക്ക് സമ്പര്‍ക്ക പ്രമുഖ് നാടുവാളില്‍ ശശീന്ദ്രന്റെ നേതൃത്വത്തിലാണ് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
















