ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വന്‍ അട്ടിമറികള്‍. ക്രിസ്മസ് പിറ്റേന്ന് നടന്ന മത്സരങ്ങളില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലീസസ്റ്റര്‍ സിറ്റിയും കരുത്തരായ ആഴ്‌സണലും തോല്‍വി രുചിച്ചു. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റി മികച്ച വിജയം നേടി.
ഇന്നലെ പുലര്‍ച്ചെ സതാംപ്ടനാണ് ആഴ്‌സണനിലെ കെട്ടുകെട്ടിച്ചത്. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു സതാംപ്ടണ്‍ ഗണ്ണേഴ്‌സിനുമേല്‍ പടയോട്ടം നടത്തിയത്. കഴിഞ്ഞ മാസം വെസ്റ്റ് ബ്രോംവിച്ചിനോട് വഴങ്ങിയ അപ്രതീക്ഷിത തോല്‍വിക്കും നോര്‍വിച്ചിനോട് വഴങ്ങേണ്ടിവന്ന സമനിലയ്‌ക്കുംശേഷം നേടിയ തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്കൊടുവിലാണ് ആഴ്‌സണലിന്റെ ഈ നാണംകെട്ട തോല്‍വി.
കളിയിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മുന്നിട്ടുനിന്ന സതാംപ്ടണ് വേണ്ടി ഷെയ്ന്‍ ലോങ് ഇരട്ട ഗോളുകള്‍ നേടി. 19-ാം മിനിറ്റില്‍ അരങ്ങേറ്റക്കാരനും വിംഗ്ബാക്കുമായ കുകൊ മാര്‍ട്ടിനയാണ് സതാംപ്ടണുവേണ്ടി ആദ്യ ഗോള്‍ നേടിയത്. വേണ്ടി ലീഡ് നേടിയത്. പിന്നീട് 55ാം മിനിറ്റില്‍ ലോങ് ലീഡുയര്‍ത്തി. 69-ാം മിനിറ്റില്‍ ഫൊണ്ടെയും ലക്ഷ്യ ം കണ്ടതോടെ സതാംപ്ടണ്‍ അപരാജിതമായ 3-0ന്റെ ലീഡ് നേടി. പിന്നീട് ഇഞ്ചുറി സമയത്ത് ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ട് ലോങ് വിജയമുറപ്പിച്ചു. വാന്‍ ദിക്കിന്റെ ഒരു ഹെഡ്ഡര്‍ റഫറി ഓഫ് സൈഡാണെന്ന് വിധിച്ചിരുന്നില്ലെങ്കില്‍ ഇതിലും നാണംകെട്ടതാകുമായിരുന്നു ആഴ്‌സണലിന്റെ തോല്‍വി.
ഒലിവിയര്‍ ഗിറൗഡും തിയോ വാല്‍ക്കോട്ടും ഗോളവസരങ്ങള്‍ പാഴാക്കിയശേഷമാണ് ആഴ്‌സണല്‍ ഈ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും 18 കൡകളില്‍ നിന്ന് 36 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുതന്നെയാണ് ഗണ്ണേഴ്‌സ്. അട്ടിമറിവിജയം നേടിയ സൗത്താംപ്ടണ്‍ ഇപ്പോള്‍ 24 പോയിന്റുമായി പന്ത്രണ്ടാമതാണ്. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷമാണ് സൗത്താംപ്ടന്റെ ഈ അട്ടിമറി ജയം.
അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീസസ്റ്ററിന്റെ തേരോട്ടത്തിനും ഇന്നലെ അവസാനമായി. ലിവര്‍പൂളിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ലീസ്റ്റര്‍ തോല്‍വി വഴങ്ങിയത്. 64-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ ബന്റക്കെയാണ് ലിവര്‍പൂളിന്റെ ജയമുറപ്പിച്ച ഗോള്‍ നേടിയത്. കളിയില്‍ മുഴുവന്‍ സമയവും ആധിപത്യം പുലര്‍ത്താനും ലിവര്‍പൂളിനായി. സെപ്റ്റംബര്‍ 26ന് ആഴ്‌സണലിനെതിരേ തോല്‍വി വഴങ്ങിയതിനുശേഷം ആദ്യമായാണ് ലീസ്റ്റര്‍ പരാജയം രുചിക്കുന്നത്. പരാജയപ്പെട്ടെങ്കിലും പട്ടികയില്‍ 18 കളികളില്‍ നിന്ന് 38 പോയിന്റുമായി ലീസസ്റ്റര്‍ ഒന്നാം സ്ഥാനത്തുതന്നെയാണ്.
മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സണ്ടര്‍ലാന്‍ഡിനെയാണ് തകര്‍ത്തത്. സിറ്റിക്കുവേണ്ടി 12-ാം മിനിറ്റില്‍ റഹിം സ്റ്റര്‍ലിങും 17-ാം മിനിറ്റില്‍ യായാ ടൂറേയും 22-ാം മിനിറ്റില്‍ ബോണിയും 54-ാം മിനിറ്റില്‍ ബ്രൂയനും ലക്ഷ്യം കണ്ടപ്പോള്‍ സണ്ടര്‍ലാന്‍ഡിന്റെ ആശ്വാസഗോള്‍ പരിക്കുസമയത്ത് ബോറിനി സ്വന്തം പേരില്‍ കുറിച്ചു. അതേസമയം മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ ക്യാപ്റ്റന്‍ വിന്‍സന്റ് കോംപാനിക്ക് കളിക്കിടെ പരിക്കേറ്റത് സിറ്റിയെ വിഷമത്തിലാക്കി. വിജയത്തോടെ 35 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിന് തൊട്ടുപിന്നിലെത്തുകയും ചെയ്തു.
അതേസമയം പുതിയ കോച്ച് ഗസ് ഹിഡിങ്കിന്റെ കീഴില്‍ ചെല്‍സി വാറ്റ്‌ഫോര്‍ഡിനോട് 2-2 സമനില വഴങ്ങി. ഓസ്‌കര്‍ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയ കളിയില്‍ ഡിഗോ കോസ്റ്റയുടെ വകയായിരുന്നു ചെല്‍സിയുടെ രണ്ടു ഗോളും. 32, 65 മിനിറ്റുകളിലായിരുന്നു കോസ്റ്റയുടെ ഗോളുകള്‍. വാറ്റ്‌ഫോര്‍ഡിനുവേണ്ടി 42-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ട്രോയ് ഡീനെയും 56-ാം മിനിറ്റില്‍ ഒഡിയന്‍ ഇഗാലോയും ലക്ഷ്യം കണ്ടു.
മറ്റു കളികളില്‍ ടോട്ടനം 3-0ന് നോര്‍വിച്ചിനെയും സ്വാന്‍സീ സിറ്റി 1-0ന് വെസ്റ്റ് ബ്രോമിനെയും എവര്‍ട്ടണ്‍ 1-0ന് ന്യൂകാസിലിനെയും പരാജയപ്പെടുത്തിയപ്പോള്‍ ആസ്റ്റണ്‍ വില്ല-വെസ്റ്റ് ഹാം മത്സരം 1-1നും ബേണ്‍സ്മൗത്ത്-ക്രിസ്റ്റല്‍പാലസ് കളി ഗോള്‍രഹിത സമനിലയിലും കലാശിച്ചു.
















