ന്യൂദല്‍ഹി: റിയോ ഒളിമ്പിക്‌സ് മത്സരം നിയന്ത്രിക്കാന്‍ ഇന്ത്യക്കാരനും. അടുത്തവര്‍ഷം ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്‌സിലെ ഗുസ്തി മത്സരം നിയന്ത്രിക്കാനാണ് ഇന്ത്യക്കാരനായ അശോക് കുമാറിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഒളിമ്പിക്‌സ് ഗുസ്തി മത്സരം നിയന്ത്രിക്കാന്‍ യോഗ്യത നേടുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ലാസ് വേഗാസില്‍ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അശോക് കുമാറിനെ യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ് ഒളിമ്പിക്‌സ് പാനലിലേക്ക് തെരഞ്ഞെടുത്തത്. അശോക് കുമാര്‍ ഉള്‍പ്പെടെ ഒന്‍പത് ഏഷ്യക്കാരാണ് റഫറി പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനാണ് അശോക്. റഫറി, സൂപ്പര്‍വൈസര്‍, ഇന്‍സ്ട്രക്ടര്‍ എന്നിവരുള്‍പ്പെടെ 50 പേരാണ് ഒളിമ്പിക്‌സ് പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
















