മെല്‍ബണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിന് കൂറ്റന്‍ സ്‌കോര്‍. ഒന്നാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 551 റണ്‍സെടുത്ത് കംഗാരുക്കള്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച വെസ്റ്റിന്‍ഡീസ് രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന നിലയില്‍ വന്‍ തകര്‍ച്ച നേരിടുകയാണ്. 13 റണ്‍സുമായി ബ്രാവോയും മൂന്ന് റണ്‍സുമായി അരങ്ങേറ്റക്കാരന്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും ക്രീസില്‍. നാല് വിക്കറ്റുകള്‍ മാത്രം കയ്യിലിരിക്കെ വെസ്റ്റിന്‍ഡീസ് 460 റണ്‍സുകള്‍ക്ക് ഇപ്പോഴും പിറകിലാണ്.
രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ജയിംസ് പാറ്റിന്‍സണ്‍, നഥാന്‍ ലിയോണ്‍, പീറ്റര്‍ സിഡില്‍ എന്നിവരുടെ ബൗളിങാണ് വിന്‍ഡീസിനെ തകര്‍ത്തത്. 28 റണ്‍സ് നേടിയ ബ്ലാക്‌വുഡാണു നിലവില്‍ വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. രജേന്ദ്ര ചന്ദ്രിക 25ഉം ക്രെയിഗ് ബ്രാത്ത്‌വെയ്റ്റ് 17ഉം റണ്‍സ്‌നേടി. മര്‍ലോണ്‍ സാമുവല്‍സ്, രാംദിന്‍, ജാസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ പൂജ്യരായി മടങ്ങിയതും വിന്‍ഡീസിന് കനത്ത തിരിച്ചടിയായി.
തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്നും വിന്‍ഡീസിന് കരകയറാന്‍ കഴിഞ്ഞില്ല. ആദ്യ വിക്കറ്റില്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും ചന്ദ്രികയും ചേര്‍ന്ന് 35 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ബ്രാത്ത്‌വെയ്റ്റിനെ ലിയോണ്‍ മടക്കിയതോടെ അവരുടെ തകര്‍ച്ചയും തുടങ്ങി. പിന്നീട് ഒന്നിന് 50 എന്ന നിലയില്‍ നിന്ന് മൂന്നിന് 50 എന്ന നിലയിലേക്ക് അവര്‍ കൂപ്പുകുത്തി. ഈ തകര്‍ച്ചയില്‍ നിന്ന് അവര്‍ക്ക് കരകയറാന്‍ കഴിഞ്ഞതുമില്ല.
ഇന്നലെ മൂന്നിന് 345 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ 206 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഇന്നലെ 32 റണ്‍സുമായി ബാറ്റിങ് ആരംഭിച്ച ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും 10 റണ്‍സുമായി ഇന്നിങ്‌സ് തുടര്‍ന്ന ആഡം വോഗ്‌സും ശതകം തികച്ചു. സ്മിത്ത് 177 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളോടെ 134 റണ്‍സെടുത്തും വോഗ്‌സ് 166 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളോടെ 106 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഈ വര്‍ഷം സ്മിത്തിന്റെ ആറാമത്തെയും വോഗ്‌സിന്റെ നാലാം സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. കഴിഞ്ഞ ദിവസം ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സ്റ്റിവന്‍ സ്മിത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവുമായി.
1404 റണ്‍സാണ് ഈ വര്‍ഷം സ്മിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 1357 റണ്‍സ് നേടിയ ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്കിനെയാണ് സ്മിത്ത് പിന്തള്ളിയത്. അപരാജിതമായ നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 223 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ആദ്യദിനം ഓപ്പണര്‍ ജോ ബേണ്‍സും ഉസ്മാന്‍ ഖവാജയും കംഗാരുക്കള്‍ക്കായി സെഞ്ചുറി നേടിയിരുന്നു. ഇതോടെ ഡേവിഡ് വാര്‍ണറൊഴികെ ക്രീസിലെത്തിയ നാല് ബാറ്റ്‌സ്മാന്മാരും മൂന്നക്കം തികക്കുകയും ചെയ്തു.
















