തിരുവനന്തപുരം: സാഫ് കപ്പില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് അഫ്ഗാനിസ്ഥാനും മാലദ്വീപും സെമി ഫൈനലിലേക്ക്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബംഗ്ലാദേശിനെ മാലദ്വീപ് തകര്‍ത്തു. രണ്ടാമത്തേതില്‍ അഫ്ഗാനിസ്ഥാന്‍ ഭൂട്ടാനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കും പരാജയപ്പെടുത്തി. നാളെ നടക്കുന്ന മാലദ്വീപ്- അഫ്ഗാന്‍ മത്സരം ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കും.
ബംഗ്ലാദേശിനെതിരെ ആദ്യം മുതല്‍ മാലദ്വീപ് താരങ്ങള്‍ ആക്രമിച്ചു കളിച്ചു. തിരുവനന്തപുരതത് താമസിക്കുന്ന മാലി സ്വദേശികളുടെ ആര്‍പ്പുവിളി അവര്‍ക്ക് ആവേശമായി. ആദ്യ 30 മിനിറ്റിനുള്ളില്‍ത്തന്നെ അഞ്ചിലധികം തവണ മാലദ്വീപ് ബംഗ്ലാദേശ് വലയിലേക്ക് ഷോട്ടുതിര്‍ത്തു. ആദ്യപകുതിയില്‍ മാത്രം നാലു ഫ്രീക്കിക്കുകളാണ് മാലദ്വീപിന് ലഭിച്ചത്. മത്സരത്തിന്റെ 40ാം മിനിറ്റില്‍ ഇമാസ് അഹമ്മദ് പെനാല്‍റ്റി ബോക്‌സിന്റെ വലതു മൂലയില്‍ നിന്നുതിര്‍ത്ത ഷോട്ട് വാലി ഫൈസല്‍ കൈകൊണ്ടു തടുത്തിട്ടു.
വാലി ഫൈസലിനു നേരെ മഞ്ഞക്കാര്‍ഡുയര്‍ത്തിയ റഫറി മിന്‍ ത്രി പെനാല്‍റ്റി സ്‌പോട്ടിലേക്ക് പന്ത് വച്ചു. മാലദ്വീപ് ക്യാപ്റ്റന്‍ അഷ്ഫാഖ് അലി എടുത്ത പെനാല്‍റ്റി ഗോളി സാഹിദുള്‍ ആലമിന്റെ കയ്യില്‍തട്ടി ഇടതു പോസ്റ്റിലിടിച്ചു വലയില്‍ കയറി. ആദ്യപകുതിയില്‍ത്തന്നെ ഗോള്‍ മടക്കുമെന്ന രീതിയില്‍ ബംഗ്ലാദേശ് താരങ്ങള്‍ ആക്രമിച്ചു കളിച്ചെങ്കിലും ഫലമുണ്ടായില്ല.
രണ്ടാം പകുതിയുടെ 41-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ബോക്‌സിനു പുറത്തുനിന്നുള്ള ഹേമന്ത് ബിശ്വാസിന്റെ ഇടംകാലന്‍ ഷോട്ട് മാലദ്വീപ് പ്രതിരോധത്തില്‍തട്ടി വലയിലേക്കു കയറി. 43-ാം മിനിറ്റില്‍ത്തന്നെ മാലദ്വീപ് രണ്ടാം ഗോള്‍ നേടി. പകരക്കാനായിറങ്ങിയ നാഷിദ് അഹമ്മദിന്റെ ക്രോസ് ബാക്ഹീലിലൂടെ ഹസന്‍ നെയ്‌സ് വലയിലാക്കി. ഇഞ്ചുറി ടൈമില്‍ ക്യാപ്റ്റന്‍ അഷ്ഫാഖ് അലി ഇടതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിനു മുന്നില്‍ എസ്സ ഇസ്മയിലിനു പാസ് നല്‍കി. എസ്സ ഇയ്‌മയില്‍ നല്‍കിയ പാസ് നാഷിദ് അഹമ്മദ് ബുള്ളറ്റ് ഷോട്ടിലൂടെ വലയിലാക്കി മാലദ്വീപ് സെമി ഫൈനല്‍ ഉറപ്പിച്ചു.
ഭൂട്ടാനെതിരെ ചാംപ്യന്മാരുടെ കളിപുറത്തെടുത്ത അഫ്ഗാന്റെ വിജയം അനായാസം. 13ാം മിനിറ്റില്‍തന്നെ ഭൂട്ടാന്റെ വലയില്‍ അഫ്ഗാന്‍ താരങ്ങള്‍ പന്തെത്തിച്ചു. ഭൂട്ടാന്‍ ഗോളി ഹരി ഗുരുങ്ങിനെ സമര്‍ഥമായി കബളിപ്പിച്ച് ഖൈബര്‍ അമാനി ബോള്‍ വലയിലേക്ക് ചിപ് ചെയ്തിട്ടു. 43ാം മിനിറ്റില്‍ അഫ്ഗാന്‍ ക്യാപറ്റന്‍ ഫൈസല്‍ ഷെയ്‌സ്‌തെയെ ഫൗള്‍ ചെയ്ത കര്‍മ്മ ഷെദ്രുപ് മഞ്ഞക്കാര്‍ഡ് വാങ്ങി. ഈ ഫൗളിനു ലഭിച്ച ഫ്രീകിക്ക് മാസി സൈഖാനി വലയിലാക്കി. 51ാം മിനിറ്റില്‍ അഫ്ഗാന്‍ മൂന്നാം ഗോളുതിര്‍ത്തു. നൂറുള്ള അമീരി എടുത്ത കോര്‍ണറില്‍നിന്നും ഹെഡ്ഡറിലൂടെ ഖൈബര്‍ അമാനിയാണ് ഗോള്‍ നേടിയത്.
കെ.വി. വിഷ്ണു
















