ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് കിരീടത്തിനായി നിലവിലെ ചാമ്പ്യന്‍ ദല്‍ഹി ഗുജറാത്തിനെ നേരിടും. സെമിഫൈനലുകളില്‍ ദല്‍ഹി ഹിമാചല്‍ പ്രദേശിനെ ആറു വിക്കറ്റിന് തുരത്തിയപ്പോള്‍, ഗുജറാത്ത് കരുത്തരായ തമിഴ്‌നാടിനെ 31 റണ്‍സിന് കീഴടക്കി. ഫൈനല്‍ നാളെ ബെംഗളൂരുവില്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍ അമ്പതോവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തപ്പോള്‍, 41.1 ഓവറില്‍ നാലു വിക്കറ്റിന് 201 റണ്‍സെടുത്ത് ദല്‍ഹി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. പുറത്താകാതെ 80 റണ്‍സെടുത്ത ഉന്‍മുക്ത് ചന്ദിന്റെ പ്രകടനമാണ് ദല്‍ഹിയെ മിന്നും ജയത്തിലേക്ക് നയിച്ചത്. ശിഖര്‍ ധവാന്‍ 31 റണ്‍സെടുത്തപ്പോള്‍, നായകന്‍ ഗൗതം ഗംഭീറിന് 16 റണ്‍സ്.
കളിയിലെ താരവും ഉന്‍മുക്ത്. നേരത്തെ, നായകന്‍ ബിപുല്‍ ശര്‍മയുടെ (51) അര്‍ധശതകമാണ് ഹിമാചലിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ദല്‍ഹിക്കായി സുബോധ് ഭട്ടി, പവന്‍ നേഗി, നിതീഷ് റാണ എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റ്. ഇഷാന്ത് ശര്‍മ ഒരു വിക്കറ്റെടുത്തു.
ഇടംകൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിന്റെ ആറു വിക്കറ്റ് പ്രകടനം ഗുജറാത്തിന് ഫൈനലിലേക്ക് വഴിയൊരുക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മന്‍പ്രീത് ജുനേജ (74), ചിരാഗ് ഗാന്ധി (71) എന്നിവരുടെ അര്‍ധശതകങ്ങളുടെ കരുത്തില്‍ അമ്പതോവറില്‍ എട്ട് വിക്കറ്റിന് 248 റണ്‍സെടുത്തു. നായകന്‍ ആര്‍. അശ്വിന്റെ മൂന്നു വിക്കറ്റ് പ്രകടനമാണ് ഗുജറാത്തിനെ തടഞ്ഞുനിര്‍ത്തിയത്.
ഓപ്പണര്‍ അഭിനവ് മുകുന്ദിന്റെ അപരാജിത സെഞ്ചുറിയുടെ (104 നോട്ടൗട്ട്) കരുത്തില്‍ തമിഴ്‌നാട് ജയത്തിലേക്ക് കണ്ണുംനട്ടെങ്കിലും, അക്ഷര്‍ മധ്യനിരയെ അരിഞ്ഞുവീഴ്‌ത്തിയതോടെ പോരാട്ടം 47.3 ഓവറില്‍ 217ല്‍ അവസാനിച്ചു. ഓപ്പണര്‍ ദിനേശ് കാര്‍ത്തിക് 41 റണ്‍സെടുത്തു. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സ് ചേര്‍ത്തു. പിന്നീടാണ് തകര്‍ച്ച തുടങ്ങിയത്. പത്തോവറില്‍ 43 റണ്‍സ് വഴങ്ങി അക്ഷര്‍ ആറു വിക്കറ്റെടുത്തത്. കളിയിലെ താരവും അക്ഷര്‍.
















