ഡര്‍ബന്‍: ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന് നാളെ തുടക്കം. ശനിയാഴ്ച ആരംഭിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇംഗ്ലീഷ് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ കളിക്കില്ല. കാല്‍വണ്ണക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ആന്‍ഡേഴ്‌സണ് ആദ്യ ടെസ്റ്റ് നഷ്ടമാകുന്നത്. ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ ആന്‍ഡേഴ്‌സന്റെ അസാന്നിധ്യം ടീമിന് തിരിച്ചടിയാവും. നാലു ടെസ്റ്റുകളുള്ള പരമ്പരയില്‍ പരിക്ക് ഭേദമാകും മുമ്പ് ആന്‍ഡേഴ്‌സനെ കളിപ്പിക്കുന്നത് ആത്മഹത്യാപരമാകുമെന്ന് കോച്ച് ട്രെവര്‍ ബെയ്‌ലിസ് പറഞ്ഞു. മൂന്ന് പരിശീലന മത്സരങ്ങള്‍ നടന്നതില്‍ ഒന്നില്‍ മാത്രമാണ് ആന്‍ഡേഴ്‌സണ്‍ കളിച്ചത്. ഇതില്‍ത്തന്നെ അഞ്ച് ഓവറുകള്‍ മാത്രമാണ് പന്തെറിഞ്ഞത്. അതേസമയം സ്റ്റീവ് ഫിന്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ക്രിസ് വോക്‌സായിരിക്കും ആദ്യ ഇലവനില്‍ ഇടംപിടിക്കുക.
ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെയും ഇംഗ്ലണ്ട് പാക്കിസ്ഥാനോടും പരമ്പര നഷ്ടപ്പെട്ടശേഷമാണ് ഇരു ടീമുകളും നാല് ടെസ്റ്റുകളുടെ പരമ്പരക്കിറങ്ങുന്നത്. 2012ന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും ടെസ്റ്റില്‍ ഏറ്റുമുട്ടാനിറങ്ങുന്നത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പര അന്ന് ദക്ഷിണാഫ്രിക്ക 2-0ന് സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഹാഷിം ആംലയും എ.ബി. ഡിവില്ലിയേഴ്‌സും ഡുപ്ലെസിസും റുസ്സൗവും ജെ.പി. ഡുമ്‌നിയും വാന്‍ സീലും ഉള്‍പ്പെടുന്ന ബാറ്റിങ് നിരയാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. പരിക്കില്‍ നിന്ന് മുക്തനായി പേസ് ബൗളര്‍ ഡെയ്ല്‍ സ്‌റ്റെയിന്‍ തിരിച്ചെത്തുന്നതോടെ ബൗളിങ് നിരയും അതിശക്തം. ഇന്ത്യന്‍ പര്യടനത്തിനിടെ പരിക്കേറ്റ സ്‌റ്റെയ്ന്‍ പൂര്‍ണ ആരോഗ്യം വീണ്ടെുത്തെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി. എന്നാല്‍ വെറോണ്‍ ഫിലാന്‍ഡര്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല. സ്‌റ്റെയ്‌നൊപ്പം റബാദ, മോണെ മോര്‍ക്കല്‍, കെയ്ല്‍ അബോട്ട് എന്നീ പേസര്‍മാരും സ്പിന്നര്‍മാരായി പെയ്ഡറ്റും എല്‍ഗാറും ഉണ്ടാകാനാണ് സാധ്യത.
അലിസ്റ്റര്‍ കുക്ക് നയിക്കുന്ന ഇംഗ്ലണ്ട് ടീമും ശക്തരാണ്. കുക്കിന് പുറമെ ജെയിംസ് ടെയ്‌ലര്‍, ബെയര്‍സ്‌റ്റോവ്, ജോ റൂട്ട് എന്നിവരിലാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് പ്രതീക്ഷ. എന്നാല്‍ ജോ റൂട്ട് ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല. ഇന്ന് കളിക്കാനിറങ്ങുമോ എന്ന കാര്യം ടീം അധികൃതര്‍ ഉറപ്പുപറഞ്ഞിട്ടുമില്ല. ആന്‍ഡേഴ്‌സന്റെ അഭാവത്തില്‍ ക്രിസ് ജോര്‍ദാന്‍, ബെന്‍ സ്‌റ്റോക്ക്, മോയിന്‍ അലി, ഗാരി ബല്ലാന്‍സ് എന്നിവര്‍ക്കായിരിക്കും ബൗളിങിന്റെ ചുമതല.
നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കേപ്ടൗണ്‍, ജോഹനസ്ബര്‍ഗ്, സെഞ്ചൂറിയന്‍ എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങള്‍.
















